ഇടുക്കി: അടിമാലിയില്‍ വെട്ടുകിളി ശല്യം രൂക്ഷമെന്ന് പരാതി. ഇരുന്നൂറേക്കര്‍ സ്വദേശിയായ തടത്തില്‍ വര്‍ഗീസിന്‍റെ കൃഷിയിടത്തിലാണ് വെട്ടുകിളികള്‍ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നത്. രണ്ടാഴ്‌ച കൊണ്ടാണ് കൃഷിയിടത്തില്‍ വെട്ടുകിളികള്‍ പെരുകിയതെന്ന് വര്‍ഗീസ് പറയുന്നു.
വാഴ, മുരിക്ക്, കുരുമുളക്, ഏലം, കൊക്കോ, പച്ചക്കറികള്‍ എന്നിവയുടെ ഇലകളാണ് വെട്ടുകിളികള്‍ തിന്ന് തീര്‍ത്തത്. സമീപത്തെ കൃഷിയിടങ്ങളിലും ശല്യം രൂക്ഷമാകുകയാണ്. കൃഷി വകുപ്പ് അടിയന്തരമായി ഇടപെട്ട് ഇവയെ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കൊന്നത്തടി പഞ്ചായത്തിലെ ഇരുമലക്കപ്പ്, തെള്ളിത്തോട് മേഖലകളിലും വെട്ടുകിളി ശല്യം രൂക്ഷമാണ്. ഇവയുടെ ശല്യം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചാല്‍ അത് കര്‍ഷകരെ പ്രതിസന്ധിയിലാക്കും. കനത്ത വേനലിനെ തുടര്‍ന്നുണ്ടായ കൃഷിനാശത്തിന് പിന്നാലെ വെട്ടുകളി ശല്യം കൂടി വിനയാകുമോയെന്ന ആശങ്കയിലാണിപ്പോള്‍ കര്‍ഷകര്‍.
ALSO READ: തുടർച്ചയായ മഴ: കൊക്കോ കർഷകർക്ക് തിരിച്ചടിയായി കായ്‌കളുടെ ചീയല്‍