തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ ലോക്കോ റണ്ണിംഗ് ജീവനക്കാരുടെ നിരന്തരമായ സമരത്തിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള സർക്കാർ. റെയിൽവേ സംവിധാനത്തിന്‍റെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്‍റെ (എഐഎൽആർഎസ്എ) ബാനറിന് കീഴിലുള്ള ലോക്കോ പൈലറ്റുമാരുടെ ഒരു വിഭാഗം ജൂൺ 1 മുതലാണ് നിലവിലുള്ള 30 മണിക്കൂറിന് പകരം 46 മണിക്കൂർ വിശ്രമം ആവശ്യപ്പെട്ട് പണിമുടക്കുന്നത്.
ലോക്കോ റണ്ണിംഗ് ജീവനക്കാരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് വിഷയത്തില്‍ ഇടപെടലുണ്ടാവണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തൊഴിൽ, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്‌ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചിരുന്നു. റെയിൽവേ നിയമവും ചട്ടങ്ങളും അനുസരിച്ച് പ്രതിവാര വിശ്രമത്തോടൊപ്പം ദൈനംദിന വിശ്രമവും നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമായി പറയുന്ന സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ, കർണാടക ഹൈക്കോടതി വിധികളോടുള്ള പ്രതികരണമാണ് സമരമെന്ന് ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടി.
ഈ ജുഡീഷ്യൽ വിധികൾ ഉണ്ടായിരുന്നിട്ടും, ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത സാഹചര്യങ്ങളിൽപ്പോലും ലോക്കോ റണ്ണിംഗ് ജീവനക്കാർക്ക് നിയമാനുസൃതമായ വിശ്രമം അനുവദിക്കാതിരിക്കുന്നതില്‍ അധികാരികൾ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
'ട്രെയിൻ പ്രവർത്തനങ്ങൾക്ക് തടസമില്ലെങ്കിലും ഈ കർക്കശമായ നിലപാട് ജീവനക്കാരെ അനാവശ്യമായ ശിക്ഷകളിലേക്കും സസ്‌പെൻഷനിലേക്കും നയിച്ചു. വിശ്രമ നിഷേധത്തെ ന്യായീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇത്തരം പ്രവൃത്തികളെന്ന് തോന്നുന്നു, ഇത് കടുത്ത നിയമലംഘനവും ജനവിരുദ്ധമായ പെരുമാറ്റവും എന്ന് മാത്രം വിശേഷിപ്പിക്കാവുന്നവയാണെന്നും മന്ത്രി കത്തിൽ പറഞ്ഞു.
റെയിൽവേ ഉദ്യോഗസ്ഥരുടെ നിലവിലെ നടപടികൾ നിയമപരമായ ഉത്തരവുകൾ അവഗണിക്കുക മാത്രമല്ല, ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയിലും ക്ഷേമത്തിലും വിട്ടുവീഴ്‌ച ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. ലോക്കോ റണ്ണിംഗ് ജീവനക്കാർക്ക് നിയമപരമായി നിർബന്ധിത വിശ്രമം അനുവദിച്ച് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും അവർക്കെതിരെ എടുത്ത പ്രതികാര നടപടികൾ പിൻവലിക്കണമെന്നും ശിവൻകുട്ടി കത്തിൽ കൂട്ടിച്ചേർത്തു.
സൗത്ത് വെസ്റ്റേൺ, സൗത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ ഡിപ്പോകളിലോ ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലോ ഉള്ളവരെ അപേക്ഷിച്ച് പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാർ നിശ്ചിത പ്രവൃത്തി സമയത്തിന്‍റെ 80 ശതമാനം മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്ന് റെയിൽവേ അവകാശപ്പെട്ടിരുന്നു.
ALSO READ: സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം ; പുതുക്കിയ ടൈംടേബിള്‍ ഇങ്ങനെ