ഇടുക്കി: കാഞ്ചിയാർ പാലാക്കട പുതിയപാലത്തെ കാട്ടാന ശല്യത്തിന് സ്വയം പരിഹാരം കണ്ടെത്തി കർഷകർ. ഫണ്ടില്ലെന്ന കാരണത്താൽ ട്രഞ്ചിൻ്റെ ആഴം കൂട്ടുന്നതിൽ നിന്ന് വനം വകുപ്പ് പിൻവാങ്ങിയതോടെയാണ് കർഷക സംരക്ഷണ സമിതിക്ക് രൂപം നൽകി നാട്ടുകാരിൽ നിന്ന് പണം സമാഹരിച്ച് ട്രഞ്ചിന് ആഴം കൂട്ടാൻ ആരംഭിച്ചത്. വനം വകുപ്പിൻ്റെ അനുമതിയോടെയാണ് ട്രഞ്ചിന് ആഴം കൂട്ടുന്നത്.
കാഞ്ചിയാർ പുതിയ പാലത്ത് കാട്ടാന ശല്യം രൂക്ഷമാണ്. മേഖലയിൽ ജനങ്ങളുടെ സ്വൈര്യജീവിതം വഴിമുട്ടിയിരിക്കുകയാണ്. 42 വർഷം മുമ്പ് നിർമിച്ച ട്രഞ്ച് മണ്ണ് വന്ന് നികന്നതാണ് കാട്ടാന കൃഷിയിടത്തിൽ ഇറങ്ങാനിടയാക്കിയത്.
പരിഹാരം കാണാൻ പല തവണ വനം വകുപ്പിനെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. ഫണ്ടില്ലെന്ന കാരണമാണ് വനം വകുപ്പ് പറയുന്നത്. വനം വകുപ്പ് ട്രഞ്ച് വിപുലീകരിക്കുന്നതിൽ നിന്ന് പിൻവാങ്ങിയതോടെ ജനങ്ങൾ കൈകോർക്കുകയായിരുന്നു.
തുടർന്ന് സംരക്ഷണ സമിതി രൂപീകരിക്കുകയും പണം സ്വരൂപിച്ച് ഹിറ്റാച്ചി ഉപയോഗിച്ച് ട്രഞ്ചിന് ആഴം കൂട്ടാൻ ആരംഭിക്കുകയുമായിരുന്നു. 4 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ട്രഞ്ച് നിർമാണം. ചിലവഴിക്കുന്ന ഫണ്ട് വനം വകുപ്പിൽ നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പിൽ അപേക്ഷയും നൽകിയിട്ടുണ്ട്.
വനം വകുപ്പിൻ്റെ അനുമതിയോടെയാണ് ട്രഞ്ചിന്‍റെ വലിപ്പം കൂട്ടുന്നതും. ട്രഞ്ച് നിർമാണം പൂർത്തിയായാൽ കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വനം വകുപ്പിന് കഴിയാത്തത് സ്വയം നടത്തി കാണിച്ചുകൊണ്ട് പ്രതിഷേധം തീർക്കുകയാണ് കർഷകർ.