കോഴിക്കോട്: മോര്‍ഫ് ചെയ്‌ത നഗ്ന ചിത്രങ്ങള്‍ കാണിച്ച് യുവതിയിൽ നിന്നും തവണകളായി പണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. മൊബെെൽ ആപ്പിലൂടെ വായ്‌പ എടുത്ത 4,000 രൂപയുടെ തിരിച്ചടവ് പൂര്‍ത്തിയായിട്ടും മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്ന് പറഞ്ഞായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത് (Three Arrested In Case Of Extorting Money By Showing Morphed Nude Pictures).
കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറമ്പത്ത് സുമിത് കൃഷ്‌ണന്‍ (21) എന്നിവരെയാണ് എടക്കര പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എസ് അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
മോര്‍ഫ് ചെയ്‌ത നഗ്ന ഫോട്ടോകള്‍ അയച്ചു കൊടുത്ത് എടക്കര സ്വദേശിനിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്‌റ്റ്. കഴിഞ്ഞ ഡിസംബറില്‍ സൈബര്‍ കാര്‍ഡ് എന്ന ആപ്പിലൂടെ 4000 രൂപ വായ്‌പയെടുത്ത പരാതിക്കാരി പലിശയടക്കം തിരിച്ചടവ് പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ കൂടുതല്‍ പണം വായ്‌പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്ത പക്ഷം മോര്‍ഫ് ചെയ്‌ത നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പല തവണയായി 43,500 രൂപയാണ് സംഘം യുവതിയില്‍ നിന്ന് കൈവശപ്പെടുത്തിയത്.
വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സീനിയര്‍ സിപിഒമാരായ അനൂപ്, പ്രീതി, ഉണ്ണികൃഷ്‌ണന്‍, സാബിര്‍ അലി, ബിന്ദു എന്നിവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.