എറണാകുളം : പെരിയാർ തീരത്ത് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. ഏലൂരിൽ ആരോഗ്യ സർവെ നടത്തുന്ന കാര്യത്തിൽ സർക്കാരും മറുപടി അറിയിക്കണമെന്ന് കോടതി. വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ട ഹൈക്കോടതി നിരാക്ഷേപപത്രം നൽകിയ സ്ഥാപനങ്ങളുടെ പട്ടികയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സ്ഥാപനങ്ങളിലടക്കം കോടതി നേരത്തെ നിയോഗിച്ച വിദഗ്‌ധ സമിതി പരിശോധന തുടരണമെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിർദേശിച്ചു. പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചു കൊണ്ടാണ് കോടതി നടപടി. അതേസമയം തന്നെ പെരിയാറിൽ പാതാളം ബണ്ടിന്‍റെ മുകൾ ഭാഗത്താണ് മലിനീകരണം നടത്തുന്ന കമ്പനികൾ കൂടുതലുള്ളതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ഭാഗത്തും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ ഏലൂർ പ്രദേശത്ത് മലിനീകരണം തുടരുകയാണെന്ന് വ്യക്തമാക്കിയ കോടതി , എന്തുകൊണ്ട് ഇവിടെ ആരോഗ്യ സർവേ നടത്തുന്നില്ലെന്ന് ചോദ്യമുന്നയിച്ചു. 2008 ൽ ഏലൂർ മേഖലയിൽ ആരോഗ്യ സർവേ നടത്തിയിരുന്നു. വീണ്ടും ആരോഗ്യ സർവേ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് മറുപടി അറിയിക്കാന്‍ ഹൈക്കോടതി മൂന്നാഴ്ച്ച സമയം സർക്കാരിന് നൽകി. നേരത്തെ പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതോടെയാണ് വിഷയത്തിൽ പരിശോധന നടത്താൻ ഹൈക്കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.