തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട ബാർ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എക്സൈസ് മന്ത്രി എംബി രാജേഷിന്‍റെ രാജി ആവശ്യപ്പെട്ട് നോട്ടെണ്ണൽ യന്ത്രവുമായി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. നന്ദാവനത്ത് നിന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കായിരുന്നു മാർച്ച്. പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു.
നോട്ടെണ്ണൽ യന്ത്രം പൊലീസ് ഏറ്റുവാങ്ങിയാലെ സമരം അവസാനിപ്പിച്ച് പിൻവാങ്ങുകയുള്ളൂവെന്ന് സമരക്കാർ നിലപാടെടുത്തതോടെ പൊലീസും കുഴഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇത് നേരിയതോതിൽ വാക്കേറ്റത്തിന് കാരണമായി. എന്നിട്ടും പ്രവർത്തകർ പിന്തിരിയാതെ വന്നതോടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിനെ ബാരിക്കേഡിന് അപ്പുറം കടത്തിവിട്ടു. നോട്ടെണ്ണൽ യന്ത്രം ബാരിക്കേഡിന് മുന്നിൽ സ്ഥാപിച്ച് ഒടുവിൽ പ്രവർത്തകർ സമരം അവസാനിപ്പിച്ച് പിരിഞ്ഞു.
സർക്കാർ മദ്യ ലോബികൾക്ക് അനുകൂലമായ നിലപാടെടുക്കുന്നത് ഇതാദ്യമായല്ലെന്നും കേരളം ഭരിക്കുന്നത് മാമൻ അല്ല മരുമകൻ ആണെന്നും നേമം ഷജീർ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെ പറഞ്ഞു. ജനവിരുദ്ധ നിലപാടുമായി കോടിക്കണക്കിന് രൂപ കോഴ വാങ്ങി മുന്നോട്ടുപോകുന്ന സർക്കാർ കേരളത്തിന് നാണക്കേടാണ്.
എല്ലാ ദുരന്തങ്ങളിലും കാശുണ്ടാക്കാൻ നോക്കുന്ന ഇടതുപക്ഷമാണ് നമുക്ക് കാണാൻ കഴിയുന്നത്. കോടിക്കണക്കിന് രൂപ വരുമ്പോൾ എംബി രാജേഷിന് എണ്ണി തീർക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടാണ് മന്ത്രിയെ സഹായിക്കുന്നതിന് വേണ്ടി നോട്ടെണ്ണല്‍ മെഷീനുമായി സമരം നടത്തുന്നതെന്നും ഷജീർ പറഞ്ഞു.
Also Read: ബാര്‍ കോഴ വിവാദം: ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്, ആദായ നികുതി വകുപ്പും പരിശോധന ആരംഭിച്ചു -