കാസർകോട് : ഇടിമിന്നലിൽ ജില്ലയിൽ വ്യാപക നാശനഷ്‌ടം. ഉദുമയിലും പെരുമ്പട്ടയിലും വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. ഉദുമയിൽ ബെവൂരിയിലെ രതീഷിന്‍റെ വീടിനും മതിലിനുമാണ് കേടുപാടുകൾ സംഭവിച്ചത്. വീടിന് സമീപത്തെ തെങ്ങ് മിന്നലേറ്റ് കത്തി നശിച്ചു. പെരുമ്പട്ട മുള്ളിക്കാട് രണ്ട് വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും ഇടിമിന്നലിൽ തകർന്നു.
മുള്ളിക്കാട് സ്വദേശി സലാമിന്‍റെ വീട്ടിലെ വാഷിങ് മെഷീൻ, ഫ്രിഡ്‌ജ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുമാണ് നശിച്ചത്. മുള്ളിക്കാട് നാസറിന്‍റെ പറമ്പിലെ കുഴൽക്കിണറും മോട്ടറും ഇടിമിന്നലിൽ തകർന്നു. കിണറിലെ പൈപ്പുകൾ വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ മഴയിൽ ദേശീയ പാത 66 ൽ വലിയ രീതിയിൽ വെള്ളം കയറി. കനത്ത മഴയിൽ നീലേശ്വരം കോട്ടപ്പുറത്ത് മരം കടപുഴകി വീണു. മരം വീണ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
തൃശൂരിലും മണിക്കൂറുകളായി മഴ തുടരുന്നു
തൃശൂരിലും മണിക്കൂറുകളായി മഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ നിന്നും കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. തൃശൂർ കോർപ്പറേഷന്‍റെ വിവിധ വാർഡുകളിലെ വീടുകളിലേക്കാണ് മഴ ശക്തമായപ്പോൾ വെള്ളം കയറിയത്.
റോഡുകളിൽ വെള്ളം കയറിയതിനാൽ വാഹന ഗതാഗതവും ദുഷ്‌കരമാണ്. മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. പിന്നാലെയാണ് മഴ ശക്തമായത്
Also Read : ചക്രവാതച്ചുഴി രൂപപ്പെട്ടു; കേരളത്തിൽ മഴ അടുത്ത അഞ്ച് ദിവസം കൂടി - RAIN UPDATES KERALA