വയനാട് : വയനാട്ടില്‍ ഉരുൾപൊട്ടലുണ്ടായ മേഖലയിലെത്തി നടനും ലെഫ്റ്റനന്‍റ് കേണലും കൂടിയായ മോഹൻലാൽ. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് മോഹൻലാൽ ദുരന്തബാധിത മേഖലയിലെത്തിയത്. ആർമി യൂണിഫോമിലാണ് മോഹൻലാലിന്‍റെ സന്ദര്‍ശനം. മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും.
ദുരിത ബാധിതരുടെ പുനധിവാസത്തിന് മൂന്ന് കോടി രൂപയുടെ സഹായവും മോഹൻലാൽ പ്രഖ്യാപിച്ചു. മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് മൂന്ന് കോടിയുടെ പുനധിവാസ പദ്ധതികൾ വയനാട്ടിൽ നടപ്പിലാക്കുക. പ്രളയത്തില്‍ തകര്‍ന്ന മുണ്ടക്കൈ എൽപി സ്‌കൂൾ പുനർനിർമിക്കുമെന്നും മോഹൻലാൽ അറിയിച്ചു.
നേരത്തെ, വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 'വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെയും നിസ്വാര്‍ത്ഥതയെയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിൽ മുൻപന്തിയിൽ നിന്ന എന്‍റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്‍റെ പ്രയത്നങ്ങൾക്കും നന്ദി. മുമ്പും നമ്മള്‍ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാവുകയും ചെയ്‌തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിന്‍റെ ശക്തി കാട്ടാനും ഞാൻ പ്രാർഥിക്കുന്നു. ജയ് ഹിന്ദ്.'- മോഹൻലാല്‍ എക്‌സില്‍ കുറിച്ചു.
Also Read : വയനാട്ടില്‍ 90 ക്യാമ്പുകളിലായി 9000-ത്തിലേറെ പേര്‍; അവശ്യ സാധനങ്ങള്‍ സുസജ്ജം