ഇടുക്കി : പുലി ഭീതി ഒഴിയാതെ ഇടുക്കി പീരുമേട്ടിലെ തോട്ടം മേഖല. ബഥേൽ പ്ലാൻ്റേഷൻ്റെ തേയില തോട്ടം മേഖലയിൽ തൊഴിലാളി സ്ത്രീകൾ പുലിയെ കണ്ട് ബോധരഹിതയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പീരുമേട് പഞ്ചായത്തിലെ ലാൻട്രം ഭാഗത്ത് വന്യമൃഗ ഭീതി ഒഴിയുന്നില്ല. ബഥേൽ പ്ലാന്‍റേഷൻ്റെ പാമ്പനാർ ലാൻഡ്രം ലക്ഷ്‌മി ഡിവിഷൻ ഭാഗത്ത് വച്ചാണ് തോട്ടത്തിൽ കൊളുന്ത് എടുത്തു കൊണ്ടിരുന്ന തൊഴിലാളി സ്ത്രീകൾ പുലിയെ നേരിൽ കണ്ടത്.
തോട്ടത്തിന് സമീപത്തെ ചതുപ്പ് ഭാഗത്ത് പുലികൾ കിടക്കുകയായിരുന്നു. അപ്രതീക്ഷിതമായി പുലിയെ കണ്ടതോടെ ഇവർ ബഹളം വയ്ക്കുകയും ബോധരഹിതരാകുകയും ചെയ്‌തു. പിന്നീട് പുലി സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു. മൂന്ന് പുലികൾ ഉണ്ടായിരുന്നതായി തൊഴിലാളി സ്ത്രീകൾ പറഞ്ഞു. പുലിയുടെ ആക്രമത്തിൽ നിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്ന് തൊഴിലാളിയായ സെൽവം പറഞ്ഞു.
ഭീതിയോടെയാണ് തൊഴിലാളികളും നാട്ടുകാരും ഓരോ ദിവസവും തള്ളി നിൽക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ട്. പത്തോളം പശുക്കളെ പുലി പിടികൂടി. ലാൻഡ്രം ഭാഗത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവിടെ കൂട് വച്ചെങ്കിലും ഫലമുണ്ടായില്ല.