കോഴിക്കോട്: ഇറച്ചിക്കോഴിക്ക് മുകളിൽ സ്ഥാനം പിടിച്ച് പിടക്കോഴികൾ. എന്നും ബ്രോയിലർ കോഴിയിറച്ചിയേക്കാൾ കുറഞ്ഞ വിലക്ക് ലഭിച്ചിരുന്ന ലഗോൺ ഇറച്ചിക്ക് വില കുത്തനെ കൂടി. 230 മുതൽ 250 രൂപ വരെയാണ് നഗരത്തിൽ ലഗോൺ കോഴിയിറച്ചി വില.
കോഴി തൂക്കി വാങ്ങുമ്പോൾ വില 160 മുതലാണ്. അതേ സ്ഥാനത്ത് ബ്രോയിലർ ഇറച്ചി കിലോ 140 മുതലാണ് വില. ഗ്രാമ പ്രദേശങ്ങളിൽ ഇത് 180 ആണ്.
സമീപകാലത്തൊന്നും ലഗോണിന് ഇത്രയും വില വർധിച്ചിട്ടില്ലെന്നും ഇത് റെക്കോഡാണെന്നും വ്യാപാരികൾ പറഞ്ഞു. ലഗോൺ ഇറച്ചിക്കും മുട്ടക്കും വില ഇനിയും വർധിക്കാനാണ് സാധ്യതയെന്നും വ്യാപാരികൾ പറയുന്നു. മുട്ട വില ഉയർന്നതിന് ആനുപാതികമായാണ് മുട്ടക്കോഴിയായ ലഗോണിന്‍റേയും വില വർധിച്ചതെന്ന് കച്ചവടക്കാരനായ മനാഫ് പറഞ്ഞു. ലഗോൺ ഇറച്ചിക്ക് വില കുത്തനെ ഉയർന്നതോടെ അന്തംവിട്ടിരിക്കുകയാണ് കല്യാണ പാർട്ടിക്കാരും ഹോട്ടലുകളും കാറ്ററിങ് സർവിസുകാരും.
മുട്ടയ്‌ക്കും വിലക്കൂടി
മുട്ടവില ഏഴായും ഉയർന്നു. ക്രിസ്‌മസ് കേക്കുണ്ടാക്കാൻ മുട്ടക്ക് ആവശ്യക്കാർ കൂടുന്നതാണ് വില വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുട്ടക്ക് നല്ല വില ലഭിക്കുന്നതിനാൽ ലഗോൺ കോഴികളെ ഫാമുകളിൽ നിന്ന് ഇറച്ചിക്ക് വിട്ടുനൽകുന്നില്ല.
മുട്ടക്ക് മെച്ചപ്പെട്ട വില ലഭിക്കുമ്പോൾ പരമാവധി മുട്ട ഉൽപാദിപ്പിക്കാനാണ് ഫാം ഉടമകൾ ശ്രമിക്കുന്നതെന്നും അതിനാൽതന്നെ ക്രിസ്‌മസ് സീസൺ കഴിഞ്ഞതിന് ശേഷമേ ലഗോൺ ഇറച്ചിക്ക് വില കുറയാനിടയുള്ളൂ എന്നും വ്യാപാരികൾ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാറ്ററിങ് സർവിസുകാർ ഉപഭോക്താക്കളിൽ നിന്ന് ബിരിയാണിക്ക് കൂടുതൽ തുകയും ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ചിലർ ലഗോൺ ഒഴിവാക്കി ബ്രോയിലർ ഇറച്ചിയാണ് ബിരിയാണിക്ക് വേണ്ടി ഉപയോഗിക്കുന്നത്.
കേരളത്തിലെ ഫാമുകളിൽ ബ്രോയിലർ കോഴികളെയാണ് അധികവും ഉൽപാദിപ്പിക്കുന്നത്. അതിനാൽ തന്നെ തമിഴ്‌നാട്ടിൽ നിന്നുള്ള ഇടനിലക്കാരാണ് കേരളത്തിലെ ലഗോൺ കോഴിയിറച്ചി വില നിശ്ചയിക്കുന്നത്. ലഗോൺ ഉൽപാദനം കുറച്ചതും തമിഴ്‌നാട്ടിലെ ഫാമുകളിൽ നിന്ന് ഇറച്ചിക്കോഴികളെ ലഭിക്കുന്നതിൽ വന്ന കുറവും വില വർധനക്ക് ആക്കം കൂട്ടി.
Also Read : മാംസാഹാരത്തോടൊപ്പം പാൽ ഉത്പന്നങ്ങൾ കഴിക്കാമോ ? അറിയേണ്ടതെല്ലാം