പത്തനംതിട്ട: ലോക്‌സഭ മണ്ഡലത്തില്‍ കുറഞ്ഞത് അരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ടി എം തോമസ് ഐസക് വിജയിക്കുമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയോടുള്ള അതൃപ്‌തി മൂലം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടിങ്ങില്‍ പങ്കെടുത്തില്ലെന്നും സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചു.
യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടിങ് ശതമാനം കുറവായിരുന്നു എന്നും എല്‍ഡിഎഫ് നടത്തിയ പന്ത്രണ്ടായിരത്തിലധികം കുടുംബയോഗങ്ങള്‍ തോമസ് ഐസക്കിന്‍റെ വിജയത്തിന് സഹായകരമാകുമെന്നും സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയമസഭ മണ്ഡലങ്ങളിലും തോമസ് ഐസക് ലീഡ് ചെയ്യുമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി എന്നിവിടങ്ങളില്‍ മോശമല്ലാത്ത ഭൂരിപക്ഷം എല്‍ഡിഎഫ് നേടുമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് എല്‍ഡിഎഫ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കുന്നു. പരാജയ ഭീതിമൂലമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി എല്‍ഡിഎഫിനെതിരെ കള്ളവോട്ട് ആരോപണം ഉയര്‍ത്തിയതെന്നും രാജു എബ്രഹാം പറഞ്ഞു.
Also Read : പത്തനംതിട്ടയിൽ ജയിക്കും; ആരോപണങ്ങൾ ഉന്നയിച്ചവരെപ്പറ്റി സമയമാകുമ്പോള്‍ പറയാമെന്ന് അനിൽ ആന്‍റണി