കാസർകോട് : സൗജന്യമായി "കുഴിമന്തി" വേണോ? നേരെ കാസർകോട്ടേക്ക് വന്നോളൂ. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാസർകോട് കുഴിമന്തിയാണ് ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. എൽഡിഎഫ് പ്രവർത്തകർ ഒരു ഫുൾ കുഴിമന്തി അങ്ങ് തരും. പക്ഷെ ഒരു കാര്യമുണ്ട്, യുഡിഎഫ് സ്ഥാനാർഥിയായ രാജ്‌മോഹൻ ഉണ്ണിത്താനെ കുറിച്ച് പറയണം.
പൊക്കി പറയാനല്ല കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്‍റിൽ എൻആർസി, സിഎഎ വിഷയത്തെ എതിർത്ത് ചർച്ച ചെയ്യുന്ന വീഡിയോ അയക്കുന്നവർക്ക് ആണ് എൽഡിഎഫിന്‍റെ ഫുൾ കുഴിമന്തി സമ്മാനം. എൽഡിഎഫിന്‍റെ മഞ്ചേശ്വരത്തെ നവ മാധ്യമ സമിതിയാണ് ഇതിനു പിന്നിൽ.
തീർന്നില്ല രാജ്‌മോഹൻ ഉണ്ണിത്താൻ വലിയ പറമ്പ് പഞ്ചായത്തിൽ പൂർത്തികരിച്ച ഏതെങ്കിലും ഒരു പദ്ധതിയുടെ ഫോട്ടോ അയക്കുന്നവർക്കും സമ്മാനമായി കുഴിമന്തി ഉണ്ട്. എൽഡിഎഫ് നവ മാധ്യമ സമിതി വലിയ പറമ്പയാണ് ഈ ഓഫർ വെച്ചത്.
ഏതായാലും കുഴിമന്തി ചലഞ്ച് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പിന്നാലെ രാജ്‌മോഹൻ ഉണ്ണിത്താനും പ്രതികരണവുമായി രംഗത്തെത്തി. കുഴിമന്തിക്ക് പകരം കുപ്പി കൊടുക്കുന്നതാണ് നല്ലതെന്ന് ഉണ്ണിത്താൻ പറഞ്ഞു.
വിവരമുള്ള ആളുകൾ ആരും കുഴിമന്തി മേടിക്കാൻ ശ്രമിക്കില്ല. കാരണം ജനാധിപത്യത്തെ കുറിച്ച് എല്ലാവർക്കും നല്ല വിവരം ഉണ്ട്. കുഴിമന്തി ഓഫർ ചെയ്‌തവരെ പൊട്ടകുളത്തിലെ തവള ഗർജിക്കുന്നത് പോലെ ആണ് ഞാൻ കാണുന്നുള്ളൂ. പരമ പുച്ഛത്തോടെ തള്ളുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.