കോട്ടയം : ഏതു സമ്മര്‍ദത്തിലും ബിജെപിയിലേക്ക് പോകില്ലെന്നതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ഗ്യാരന്‍റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോമസ് ചാഴികാടന്‍റെ വിജയം സുനിശ്ചിതമാണെന്നും എന്ത് വന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥിയാണ് തോമസ് ചാഴികാടനെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഗ്യാരന്‍റിയാണ് എന്ത് വന്നാലും ബിജെപിയിലേക്ക് പോകില്ലെന്നുള്ള ഉറപ്പ് എന്ന് അദ്ദേഹം കൂട്ടിചേർത്തു. കോട്ടയം തിരുനക്കര മൈതാനത്ത് എല്‍ഡിഎഫ് ലോക്‌സഭ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (Lok Sabha Election-kottayam Ldf Convention).
ഗാന്ധിജിയെ മറന്ന് ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി കോൺഗ്രസ് മാറിയെന്നും വോട്ട് നേടി ജയിച്ച് ഇവർ ബിജെപിക്ക് ഒപ്പം പോകുമെന്നും ഇന്നലെ പത്മജയെങ്കിൽ നാളെ ആരാകും എന്നത് അറിയില്ലയെന്നും ബിനോയ് വിശ്വം ആരോപിച്ചു. ബിജെപിയിലേക്ക് ആരു പാലമിട്ടെങ്കിലും ആ പാലം വഴി പോയതെല്ലാം കോൺഗ്രസുകാരാണെന്ന് കെപിസിസി പ്രസിഡന്‍റ് ഓർക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ബിജെപിയിലേക്ക് പാസ്‌പോർട്ട് എടുത്തുവച്ചിരിക്കുകയാണെന്ന് മന്ത്രി വി എൻ വാസവൻ പരിഹസിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരിൽ എ പ്ലസ് നേടിയ ഒരേയൊരു എംപി തോമസ് ചാഴികാടൻ ആണെന്നും മന്ത്രി കൂട്ടിചേർത്തു.
പരിപാടിയിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി, വൈക്കം വിശ്വൻ, മാത്യു ടി തോമസ് എം എൽ എ, ലതിക സുഭാഷ്, എ വി റസൽ, വി ബി ബിനു, സുരേഷ് കുറുപ്പ് തുടങ്ങിയവരും ഘടകകക്ഷി നേതാക്കൻമാരും പങ്കെടുത്തു