തിരുവനന്തപുരം: ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിട്ട് സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി. 15 സീറ്റുകളിലേക്ക് ഇന്ന് സിപിഎം കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മുഴുവന്‍ ലോക്‌സഭ മണ്ഡലങ്ങളിലേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമായി.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് (ഫെബ്രുവരി 27) ഔദ്യോഗികമായി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ സ്ഥാനാര്‍ഥികള്‍ അവരവരുടെ മണ്ഡലങ്ങളില്‍ സജീവമായി. ഇതോടെ 20 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് തുടക്കമിട്ടു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് എല്‍ഡിഎഫില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അവര്‍ക്ക് അനുവദിച്ച കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് എം വളരെ നേരത്തെ പ്രഖ്യാപിച്ചു. സിപിഐ അവരുടെ നാല് സ്ഥാനാര്‍ഥികളെ ഇന്നലെ (ഫെബ്രുവരി 26) പ്രഖ്യാപിച്ചു. ഇന്ന് (ഫെബ്രുവരി 27) സിപിഎം സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കൂടി ആയതോടെ 20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ 4 എംഎല്‍മാരും ഒരു മന്ത്രിയും 3 ജില്ല സെക്രട്ടറിമാരുമുണ്ട്.
എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥികള്‍ :
തിരുവനന്തപുരം-പന്ന്യന്‍ രവീന്ദ്രന്‍ (സിപിഐ): സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍, 2005 മുതല്‍ 2009 വരെ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എംപിയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കക്കാട്ട് പന്ന്യന്‍ വീട്ടില്‍ രാമന്‍റെയും യശോദയുടെയും മകന്‍. 79 വയസ്.
ആറ്റിങ്ങല്‍-വി ജോയ് (സിപിഎം): സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം. വര്‍ക്കല എംഎല്‍എ. വര്‍ക്കലയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് എംഎല്‍എ ആകുന്നത്. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്നു. കേരള സര്‍വകലാശാല സെനറ്റ് അംഗം. ചിറയിന്‍കീഴ് പെരുങ്ങുഴി സ്വദേശിയായ വി ജോയ്‌യിക്ക് 59 വയസ്.
കൊല്ലം-എം.മുകേഷ് (സിപിഎം): 2016 മുതല്‍ കൊല്ലം എംഎല്‍എ, സിനിമ താരവും താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗവും. സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു. നാടകാചാര്യനായിരുന്ന ഒ.മാധവന്‍റെയും നാടക നടി വിജയകുമാരിയുടെയും മകന്‍. വയസ് 57.
പത്തനംതിട്ട - ഡോ.ടിഎം തോമസ് ഐസക്ക്(സിപിഎം): വിഎസ് അച്യുതാനന്ദന്‍, ഒന്നാം പിണറായി മന്ത്രിസഭകളില്‍ ധനകാര്യമന്ത്രിയായിരുന്നു. അറിയപ്പെടുന്ന ധനകാര്യ വിദഗ്‌ധന്‍. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. 72 വയസ്.
മാവേലിക്കര-സിഎ അരുണ്‍കുമാര്‍ (സിപിഐ): എഐഎസ്എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, എഐവൈഎഫ് ആലപ്പുഴ ജില്ല പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ സിപിഐ ആലപ്പുഴ ജില്ല എക്‌സിക്യൂട്ടീവ് അംഗം. കൃഷി മന്ത്രി പി പ്രസാദിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. 38 വയസ്.
ആലപ്പുഴ-എഎം ആരിഫ് (സിപിഎം): ആലപ്പുഴയിലെ സിറ്റിങ് എംപി. 2006ല്‍ കെആര്‍ ഗൗരി അമ്മയെ തോല്‍പ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. 2019ല്‍ അരുരില്‍ എംഎല്‍എ ആയിരിക്കെ മത്സരിച്ച് ലോക്‌സഭയിലെത്തി. എസ്എഫ്‌ഐ ജില്ല സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആലപ്പുഴ മാന്നാര്‍ സ്വദേശി. 60 വയസ്.
കോട്ടയം-തോമസ് ചാഴികാടന്‍ (കേരള കോണ്‍ഗ്രസ് എം): കോട്ടയത്തെ സിറ്റിങ് എംപി. ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തില്‍ തുടര്‍ച്ചയായി 20 വര്‍ഷം എംഎല്‍എ ആയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി പ്രവര്‍ത്തിക്കവേ അപ്രതീക്ഷിതമായി 1991ല്‍ നിയമസഭ സ്ഥാനാര്‍ഥിയായി.കന്നിയങ്കത്തില്‍ ജയം. കോട്ടയം വെളിയനല്ലൂര്‍ സ്വദേശി. 72 വയസ്.
ഇടുക്കി-ജോയ്‌സ് ജോര്‍ജ് (സിപിഎം): ഇടുക്കിയിലെ മുന്‍ എംപി. ഹൈക്കോടതിയിലെ അഭിഭാഷകന്‍. 2014ല്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസ് നേതാവ് പിടി തോമസിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി. ഇടുക്കി വാഴത്തോപ്പ് സ്വദേശി. 54 വയസ്.
എറണാകുളം-കെജെ ഷൈന്‍ (സിപിഎം): പറവൂര്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍. എസ്എഫ്ഐയിലൂടെ പൊതു രംഗത്തെത്തി.എംഎ ബിരുദധാരി. 50 വയസ്.
ചാലക്കുടി-പ്രൊഫ സി രവീന്ദ്രനാഥ് (സിപിഎം): ഒന്നാം പിണറായി മന്ത്രിസഭയില്‍ പൊതു വിദ്യാഭ്യാസ മന്ത്രി. തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ കെമിസ്ട്രി അധ്യാപകനായിരുന്നു. 2011, 2016 വര്‍ഷങ്ങളില്‍ പുതുക്കാട് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. തൃശൂര്‍ നെല്ലായി സ്വദേശി.69 വയസ്.
തൃശൂര്‍-വിഎസ് സുനില്‍കുമാര്‍ (സിപിഐ): ഒന്നാം പിണറായി മന്ത്രിസഭയില്‍ കൃഷി മന്ത്രി. കയ്‌പമംഗലത്ത് നിന്ന് രണ്ടു തവണയും തൃശൂരില്‍ നിന്ന് 2016ലും കേരള നിയമസഭയിലെത്തി. എഐഎസ്എഫ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന എക്‌സ്‌ക്യൂട്ടീവ് അംഗമായിരുന്നു. 57 വയസ്.
ആലത്തൂര്‍-കെ.രാധാകൃഷ്‌ണന്‍ (സിപിഎം): സംസ്ഥാനത്തെ പിന്നാക്ക-പട്ടികജാതി ക്ഷേമ-ദേവസ്വം മന്ത്രി. ചേലേക്കരയില്‍ നിന്നുള്ള എംഎല്‍എ. മാതാപിതാക്കള്‍ തോട്ടം തൊഴിലാളികളായിരുന്നു. 1996ലെ നായനാര്‍ മന്ത്രിസഭയിലും അംഗമായിരുന്നു. 2006 മുതല്‍ 2011 വരെ കേരള നിയമസഭ സ്‌പീക്കറായിരുന്നു. 60 വയസ്.
പാലക്കാട്-എ വിജയരാഘവന്‍ (സിപിഎം): സിപിഎം പൊളിറ്റ് ബ്യൂറോ അംഗം. മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍. കോടിയേരി ബാലകൃഷ്‌ണന്‍ അവധിയില്‍ പോയപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു. 1989 ല്‍ പാലക്കാട് നിന്ന് ലോക്‌സഭയിലെത്തി. രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ഭാര്യ. മലപ്പുറം സ്വദേശി. 68 വയസ്.
മലപ്പുറം-വി വസീഫ് (സിപിഎം): ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി. എസ്എഫ്‌ഐ കോഴിക്കോട് ജില്ല പ്രസിഡന്‍റ്, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ല പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കോഴിക്കോട്-എളമരം കരിം (സിപിഎം): സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. രാജ്യസഭ എംപി. മുന്‍ വ്യവസായ മന്ത്രി. സിഐടിയു സംസ്ഥാന സെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. ബേപ്പൂരില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തി. കോഴിക്കോട് എളമരം സ്വദേശി. 71 വയസ്.
വയനാട്- ആനി രാജ (സിപിഐ): സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം. എന്‍എഫ്‌ഐഡബ്ല്യൂ ജനറല്‍ സെക്രട്ടറി. കണ്ണൂര്‍ ആറളം സ്വദേശിനി. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ഭര്‍ത്താവ്. ഡല്‍ഹി കേന്ദ്രമായാണ് പ്രവര്‍ത്തനം.
വടകര-കെകെ ഷൈലജ (സിപിഎം): ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രി. കേരളത്തെ പിടിച്ച് കുലുക്കിയ നിപ്പ, കൊവിഡ് മഹാമാരികളെ നേരിടുന്നതില്‍ കേരള ജനതയ്ക്ക് ആത്മവിശ്വാസവുമായി മുന്നില്‍ നിന്നതിന്‍റെ ഖ്യാതി. നിലവില്‍ മട്ടന്നൂര്‍ എംഎല്‍എ. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. 68 വയസ്.
കണ്ണൂര്‍-എംവി ജയരാജന്‍ (സിപിഎം): സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. എടക്കാട് മണ്ഡലത്തെ രണ്ട് തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 64 വയസ്.
കാസര്‍കോട്-എംവി ബാലകൃഷ്‌ണന്‍ (സിപിഎം): സിപിഎം കാസര്‍കോട് ജില്ല സെക്രട്ടറി. കോവ്വല്‍ എയുപി സ്‌കൂളിലെ പ്രഥമ അധ്യാപകനായിരുന്നു. ചീമേനി സ്വദേശിയാണ്. 74 വയസ്.