എറണാകുളം: തെരഞ്ഞെടുപ്പ് ദിനത്തിൽ ഒരേ കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തിയും പരസ്‌പരം വിജയാശംസകൾ നേർന്നും ഇടത് മുന്നണി സ്ഥാനാർഥികൾ. പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവനും ചാലക്കുടി മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി സി രവീന്ദ്രനാഥുമാണ് തെരെഞ്ഞെടുപ്പ് ദിനത്തിൽ വോട്ടിങ് കേന്ദ്രത്തിൽ കണ്ടുമുട്ടിയത്.
തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ വോട്ടറായ രവീന്ദ്രനാഥ് കേരള വർമ കോളേജിലെ 53-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ പ്രൊഫ. എം കെ വിജയം, മകൻ ജയകൃഷ്‌ണൻ എന്നിവർക്കൊപ്പം പോളിങ് ബൂത്തിലെത്തി ഒരു മണിക്കൂർ കാത്തിരുന്നാണ് അദ്ദേഹം വോട്ട് ചെയ്‌തത്.
ഇതിനിടെയാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി എ വിജയരാഘവനും, ഭാര്യയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊഫ. ആർ ബിന്ദുവും കേരളവർമ കോളേജിൽ വോട്ട് രേഖപ്പെടുത്താനെത്തിയത്. ഇരു സ്ഥാനാർഥികളും പരസ്‌പരം ആശംസകൾ അറിയിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം രവീന്ദ്രനാഥ് ചാലക്കുടിയിലേക്കും, വിജയരാഘവൻ പാലക്കാടേക്കും പോവുകയായിരുന്നു.
തെരഞ്ഞെടുപ്പ് ദിവസവും ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർഥി സി രവീന്ദ്രനാഥ് പരമാവധി ബുത്തുകൾ സന്ദർശിക്കുന്നതിലാണ് ശ്രദ്ധിച്ചത്. ചാലക്കുടി മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലൂടെയുമുള്ള ഒരു ഓട്ട പ്രദക്ഷിണം കൂടിയായിരുന്നു സ്ഥാനാർഥിക്ക് വോട്ട് ദിനം.
കൈപ്പമംഗലം നിയമസഭ മണ്ഡലത്തിലെ മതിലകം സെന്‍റ് ജോസഫ് എച്ച്എസ്എസിലാണ് ആദ്യം എത്തിയത്. ഇവിടത്തെ പോളിങ് ബൂത്തുകൾ സന്ദർശിച്ച സി രവീന്ദ്രനാഥിനെ കാണാനും ആശംസകൾ അറിയിക്കാനും വോട്ടർമാർ തടിച്ചു കൂടിയിരുന്നു. പിന്നീട് കൊടുങ്ങല്ലൂർ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്, ആലുവ മണ്ഡലങ്ങളിലെ 40-ഓളം വോട്ടിങ് കേന്ദ്രങ്ങളും വിവിധ പ്രദേശങ്ങളിലെ എൽഡിഎഫ് ബൂത്തുകളും സന്ദർശിച്ചു.
അപ്രതീക്ഷിതമായി മുന്നിലെത്തിയ സ്ഥാനാർഥിയെ കണ്ടപ്പോൾ വോട്ടർമാർക്കും ആവേശമായി. ചാലക്കുടിയും തൃശൂരും ഉൾപ്പെടെയുള്ള ഭുരിഭാഗം മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കുമെന്ന് സി രവീന്ദ്രനാഥ് പറഞ്ഞു. വർഗീയതയെ എതിർക്കാനും എക്കാലത്തും മുന്നിലുണ്ടായിരുന്നത് ഇടത് പക്ഷമാണ്. യഥാർത്ഥ രാഷ്‌ട്രീയം ഉൾക്കൊണ്ട് ചാലക്കുടിയിലെ ജനങ്ങൾ കൃത്യമായി പ്രതികരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഉയർന്ന പോളിങ്ങെന്നും അദ്ദേഹം പറഞ്ഞു.