തിരുവനന്തപുരം: ജഡ്‌ജിക്ക് നേരെ പ്രതിഷേധവുമായി അഭിഭാഷകർ. നെയ്യാറ്റിൻകര കുടുംബകോടതിയിലാണ് സംഭവം. കോടതിയിൽ സ്വന്തമായി കേസ് വാദിക്കുന്ന യുവതിയും എതിർഭാഗം അഭിഭാഷകരുമായി ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് അഭിഭാഷകനെതിരെ കേസെടുത്തിരുന്നു. വിഷയത്തിൽ കോടതി കുറ്റപത്രം വായിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായതെന്നാണ് വിവരം.
രണ്ടാഴ്‌ച മുമ്പാണ് കേസിനാസ്‌പദമായ സംഭവം. പള്ളിച്ചൽ സ്വദേശിയായ യുവതി സ്വന്തമായി വാദിക്കുന്ന കേസുമായി ബന്ധപ്പെട്ട്, യുവതിയും എതിർഭാഗം അഭിഭാഷകരുമായി കോടതിക്കുള്ളിൽ വച്ച് തർക്കവും വാക്കേറ്റവും നടന്നിരുന്നു. ഇതേ തുടർന്ന് കോടതി ഇടപെട്ട് ഒരു അഭിഭാഷനെതിരെ കേസെടുത്തിരുന്നു.
നെയ്യാറ്റിൻകര പൊലീസും കേസെടുത്തിട്ടുണ്ട്. തുടർന്ന് ബാർ അസോസിയേഷൻ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. ഇന്ന് വിഷയത്തിൽ കോടതി കുറ്റപത്രം വായിക്കുന്നതിനിടെയാണ് പ്രതിഷേധങ്ങൾ ഉടലെടുത്തത്. തുടർന്ന് അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്‌കരിച്ചു.