തിരുവനന്തപുരം : രാജ്യത്ത് മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന വിമർശനവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സർക്കുലർ. ക്രൈസ്‌തവർക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയുള്ള ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സർക്കുലർ പള്ളികളിൽ വായിച്ചു. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും മത ധ്രുവീകരണം രാജ്യത്തെ സൗഹൃദ അന്തരീക്ഷം തകര്‍ത്തുവെന്നും സർക്കുലറിൽ പരാമർശിക്കുന്നു.
ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണെന്നും ക്രൈസ്‌തവർക്കും ക്രിസ്‌തീയ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി മാറിയിരിക്കുകയാണെന്നും സർക്കുലറിൽ പരാമർശിക്കുന്നു. ക്രൈസ്‌തവർക്ക് നേരെ 2014ൽ 147 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തതെങ്കിൽ 2023ൽ അത് 687 ആയി ഉയർന്നിട്ടുണ്ട്. ഈ മാസം 22ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കും സർക്കുലറില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
മതധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാര്‍ദം തകര്‍ക്കുകയും, ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലിക പ്രസ്ഥാനങ്ങളും രാജ്യത്തിന്‍റെയും ഭരണഘടനയുടെയും ബഹുസ്വര ധാര്‍മികത തകര്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.