കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം. കൊട്ടിയൂര്‍-കേളകം മേഖലയിലാണ് മണ്ണിടിച്ചില്‍ തുടരുന്നത്. കൊട്ടിയൂര്‍ -ബോയ്‌സ് ടൗണ്‍ റോഡില്‍ ആശ്രാമം കവലക്ക് സമീപം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് രാത്രി യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി.
പകല്‍ സമയങ്ങളില്‍ പാതയിലൂടെ ചെറു വാഹനങ്ങള്‍ക്ക് അനുമതിയുണ്ട്. അതേസമയം ആറളം-മണത്തണ മലയോര ഹൈവേയില്‍ വെള്ളം കയറി. റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
പൊയ്യാമലയില്‍ വീടിന് സമീപം മണ്ണിടിഞ്ഞു. കണിയാംപറമ്പില്‍ തോമസിന്‍റെ വീടിന് പിറകിലാണ് മണ്ണിടിച്ചിലുണ്ടായത്. കേളകത്ത് കൈലാസം പടിയില്‍ ഭൂമിയില്‍ വിളളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് വലിയ ആശങ്കയ്‌ക്ക് വഴിയൊരുക്കി.
കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിവരം. ഇതോടെ ജില്ലയിലെ മിക്ക പുഴകളിലും ജലനിരപ്പ് ഉയര്‍ന്നു. ബാവലിപ്പുഴ, മണിക്കടവ്-നുച്യാട് പുഴ എന്നിവയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. വട്യാം തോട്-വയത്തൂര്‍ പാലങ്ങള്‍ വെളളത്തിനടിയിലായി. ഇന്ന് (ജൂലൈ 19) മഴയ്ക്ക് അല്‍പം ശമനമുണ്ടായിട്ടുണ്ട്. എന്നാല്‍ വെളളക്കെട്ടിന് അറുതിയില്ല.