പത്തനംതിട്ട : കോന്നിയിൽ കൂറ്റന്‍ പാറ ഇളകി വീടിന് മേൽ പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോന്നി സീതത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആങ്ങംമൂഴി വാലുപാറ മംഗലത്ത് വിളയില്‍ പത്മകുമാരി(52) ആണ് മരിച്ചത്.ഇന്ന്(08-03-2024) വൈകിട്ട് പെയ്‌ത കനത്ത വേനല്‍ മഴയിലാണ് ദാരുണ സംഭവം. പാറ വീണ് വീടിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. കനത്ത മഴയിൽ വീടിന് മുകള്‍ വശത്തെ കുന്നില്‍ നിന്നും കൂറ്റന്‍ പാറയിളകി താഴേക്ക് ഉരുണ്ട് വീടിന് മുകളിൽ പതിക്കുകയായിരുന്നു. ഈ സമയം അടുക്കളയില്‍ ചായ ഉണ്ടാക്കുകയായിരുന്നു പത്മകുമാരി. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്‍റെ അടുക്കള ഭാഗം ഉൾപ്പടെ തകർന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
താപനില ഉയരുന്നതിനാല്‍ പത്തനംതിട്ടയില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി ജില്ലയില്‍ കനത്ത മഴ പെയ്‌തത്. കിഴക്കന്‍ മലയോര മേഖലയിൽ കനത്ത മഴയാണ് ഇന്ന് പെയ്‌തത്.
Also Read : മോഷണക്കേസ് വഴിത്തിരിവായി, കട്ടപ്പനയിൽ ഇരട്ട കൊലപാതകം നടന്നെന്ന് സംശയം