ഇടുക്കി : ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ ആരോപണങ്ങൾ തള്ളി സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെവി ശശി. നേരത്തെ സിപിഎമ്മിനും തനിക്കുമെതിരെ രാജേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളാണ് അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി ശശി തള്ളിയിരിക്കുന്നത്. കൂടുതൽ പറഞ്ഞാൽ പലതും തുറന്ന് പറയുമെന്ന് രാജേന്ദ്രന് അദ്ദേഹം മുന്നറിയിപ്പും നൽകി.
തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തിയത് രാജേന്ദ്രന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എസ് രാജേന്ദ്രൻ എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു. അത് പാർട്ടി കണ്ടെത്തിയത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇതേ നടപടി തുടർന്നാൽ താനും ചിലത് തുറന്നു പറയുമെന്നും കെ വി ശശി പറഞ്ഞു.
എസ് രാജേന്ദ്രൻ ആരോപണങ്ങൾ തുടർന്നാൽ താനും ചിലത് തുറന്നുപറയുമെന്നും ശശി പ്രതികരിച്ചു. ജോയ്‌സിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിക്കുവാൻ അവസരം നൽകിയിരുന്നു. നോട്ടിസിൽ പേര് വയ്ക്കാൻ ഡേറ്റ് ചോദിച്ചിട്ട് രാജേന്ദ്രൻ നൽകിയില്ല.
താൻ വിളിച്ചിട്ട് ഫോൺ പോലും എടുക്കാൻ തയ്യാറായില്ലെന്നും കെ വി ശശി പറഞ്ഞു. രാജേന്ദ്രന് ബിജെപിയിലേക്ക് പോകുവാനുള്ള തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. വ്യക്തികേന്ദ്രീകൃതമല്ല പാർട്ടി. പാർട്ടിക്കൊപ്പം നിൽക്കുകയും പാർട്ടിയിലുള്ളവരെ കുറ്റം പറയുകയുമാണ് രാജേന്ദ്രൻ. ഇക്കാര്യങ്ങളിൽ പാർട്ടി നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ താൻ തന്നെ തുറന്ന് പറയുമെന്നും കെ വി ശശി വ്യക്തമാക്കി.
തന്നെ പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള ഗുണ്ടകളെ എത്തിച്ച് തനിക്കൊപ്പം നിൽക്കുന്നവരെ ആക്രമിക്കുകയാണ്. ഇതിന് നേതൃത്വം നൽകുന്നത് സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ വി ശശി ആണ് എന്നതടക്കമായിരുന്നു കഴിഞ്ഞദിവസം രാജേന്ദ്രന്‍റെ ആരോപണം.