കണ്ണൂർ: കുവൈറ്റിൽ നടന്ന കപ്പൽ അപകടത്തിൽപെട്ട മകനെ അവസാനമായി ഒരു നോക്ക് കാണാനെങ്കിലും കഴിയണം എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തൃശൂർ സ്വദേശി ഹരിദാസ്. അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരനായിരുന്ന ഹനീഷ് ഹരിദാസിന്‍റെ പിതാവാണ് ഹരിദാസ്. 2023 ആഗസ്റ്റ് 28 നു കുവൈത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഹനീഷ് അവസാനമായി കുടുംബത്തെ ഫോണിൽ ബന്ധപെട്ടത്.
ചിലപ്പോൾ 15 ദിവസമോ ഒരാഴ്‌ച കൊണ്ടോ ഒക്കെ കുവൈത്തിൽ ഏത്താറുമുണ്ട്. പല തവണ അവർ അങ്ങനെ യാത്ര ചെയ്‌തത് ആണ്. പക്ഷെ ഇത്തവണ ഒരു വിവരവും ഇല്ലെന്ന് ഹരിദാസ് പറയുന്നു. ദിവസങ്ങൾ പിന്നിട്ട ശേഷം 2024 സെപ്‌റ്റംബർ 4 നാണ് മുംബൈയിൽ നിന്നും ഹരിദാസിനെ തേടി ഏജൻസിയിൽ നിന്ന് ഒരു കോൾ വന്നത്. മകൻ സഞ്ചരിച്ച ഇറാൻ കപ്പൽ അപകടത്തിൽപെട്ടിരിക്കുന്നു എന്നായിരുന്നു കോളിൽ നിന്ന് ലഭിച്ച വിവരം.
ഇംഗ്ലീഷ് ഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാതിരുന്ന ഹരിദാസിന് പിന്നീട് കൂടുതൽ കാര്യങ്ങൾ അറിയണം എന്നായി ചിന്ത. ഇതിനായി ആന്ധ്രയിൽ ജോലി ചെയ്യുന്ന സഹോദരിയുടെ മകനുമായി ഫോണിൽ ബന്ധപെട്ടു. പിന്നീട് ഏജൻസിയുമായി നിരന്തരം ബന്ധപെട്ടത് ബാലു എന്ന സഹോദരിയുടെ മകൻ ആയിരുന്നു.
ഇറാനിയൻ കപ്പലിൽ കാണാതായവരുടെ മരണം ഉറപ്പിച്ചോ...?
കൂടുതൽ വിവരം തേടിയപ്പോൾ അപകടം മരണ വാർത്തയിലേക്ക് കൂപ്പുകുത്തി. നിലവിൽ 3 പേരുടെ മൃതദേഹം കിട്ടിയിട്ടുണ്ട്. ഒരാളുടെ ദേഹത്ത് പച്ച കുത്തിയിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം. 3 ഇന്ത്യക്കാരും 3 ഇറാൻ സ്വദേശികളും ആണ് അപകടത്തിൽ പെട്ടത്. ഇന്ത്യക്കാരിൽ 2 പേർ മലയാളികൾ. അമലും ഹനീഷും. മൂന്നാമന്‍റെ സ്വദേശം കൊൽക്കത്തയാണ്.
തന്‍റെ മകന്‍റെ ദേഹത്തു പച്ച കുത്തിയ കാര്യം മനസ്സിൽ തെളിഞ്ഞപ്പോൾ ഹരിദാസിന്‍റെ വാക്ക് ഇടറി. സെപ്റ്റംബർ 11 ന് തങ്ങൾ DNA സാമ്പിൾ അയച്ചിട്ടുണ്ടെന്നും ബോഡി ഏതാണ്ട് സ്ഥിരീകരിച്ചതായാണ് വിവരമെന്നും ഹരിദാസ് ദുഃഖം കടിച്ചമർത്തി തുറന്നു പറഞ്ഞു. നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി സ്ഥലം എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കും, പ്രധാനമന്ത്രിക്കും, സംസ്ഥാന മുഖ്യമന്ത്രിക്കും ഉൾപ്പെടെ ഹരിദാസ് നിവേദനം നൽകി കഴിഞ്ഞു.