പത്തനംതിട്ട: കുവൈറ്റിലെ മാംഗഫില്‍ എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച പത്തനംതിട്ട ജില്ലക്കാരായ ആറു പേരുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, പത്തനംതിട്ട ജില്ല കലക്‌ടർ എസ്. പ്രേം കൃഷ്‌ണൻ, ആലപ്പുഴ ജില്ല കലക്‌ടർ അലക്‌സ് വർഗീസ്, പത്തനംതിട്ട ജില്ല പൊലീസ് മേധാവി വി.അജിത്ത് എന്നിവർ ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി.
ഇന്ന് വ്യോമസേന വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ ആണ് എത്തിച്ചത്. പന്തളം ഐരാണിക്കുഴി ശോഭാലയത്തില്‍ ആകാശ് എസ് നായർ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശേരില്‍ സജു വർഗീസ് (56), വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി.മുരളീധരൻ നായർ (61), തിരുവല്ല പെരിങ്ങര മേപ്രാല്‍ മരോട്ടിമൂട്ടില്‍ചിറയില്‍ തോമസ് സി ഉമ്മൻ (37), മല്ലപ്പള്ളി കീഴ് വായ്‌പൂര്‍ തേവരോട്ട് സിബിൻ ടി ഏബ്രഹാം (31), നിരണം സ്വദേശി മാത്യു ജോർജ് (54) എന്നിവരുടെ മൃതദേഹങ്ങളാണ് ഏറ്റുവാങ്ങിയത്.
മാത്യു ജോർജ് പത്തനംതിട്ട സ്വദേശിയാണെങ്കിലും കുടുംബവുമായി ഇപ്പോള്‍ ചെങ്ങന്നൂർ പാണ്ടനാട്ടാണ് താമസിച്ചു വന്നത്. പി.വി മുരളീധരന്‍റെ സംസ്‌കാരം ഇന്നു നടക്കും. പന്തളം മുടിയൂർക്കോണം ആകാശ് എസ് നായരുടെ സംസ്‌കാരം നാളെ( 15-06-2023) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. അതുവരെ വരെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കും.
പ്രവാസി മലയാളിയും നിരണം സ്വദേശിയുമായ കെ.ജി എബ്രഹാം മാനേജിംഗ് പാർട്‌ണറായ എൻബിടിസി കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റില്‍ മിനിഞ്ഞാന്ന് പുലർച്ചെ നാലുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തൊഴിലാളികള്‍ ഉറക്കത്തില്‍ ആയിരുന്നത് അപകടത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. തീപിടിത്തത്തില്‍ 24 മലയാളികളടക്കം 46 ഇന്ത്യക്കാർ മരിച്ചുവെന്നാണ് റിപ്പോർട്ട്.