പത്തനംതിട്ട : കുവൈറ്റിലെ മംഗഫിലെ ഫ്ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളിൽ പത്തനംതിട്ട കോഴഞ്ചേരി കീഴ്‌വായ്‌പൂർ സ്വദേശി സിബിന്‍ ടി എബ്രഹാമും. സിബിൻ്റെ കുഞ്ഞിൻ്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനായി നാട്ടിലെത്താനിരുന്നതാണ്. ആഗസ്റ്റ് 18 ന് ആണ് സിബിൻ്റെ കുഞ്ഞിൻ്റെ ഒന്നാം പിറന്നാള്‍.
താൻ ജോലി ചെയ്‌ത കമ്പനിയിൽ, താൻ താമസിച്ച അതേ മുറിയിൽ മകൻ്റെ ജീവൻ നഷ്‌ടമായതോർത്തു വിതുമ്പുകയാണ് സിബിൻ്റെ പിതാവ് എബ്രഹാം. എബ്രഹാമും ഇതേ കമ്പനിയിൽ ജോലിക്കാരൻ ആയിരുന്നു. അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സിബിൻ ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
തീപിടിത്തത്തില്‍ മരിച്ച ജില്ലയിൽ നിന്നുള്ള നാലു പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരൻ്റെ മകൻ ആകാശ് എസ് നായർ (32), കോന്നി പ്രമാടം വാഴമുട്ടം പുളിനിൽക്കുന്നതിൽ പി വി ശശിധരൻ (68 ), കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), തിരുവല്ല പെരിങ്ങര മേപ്രാല്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ വീട്ടില്‍ ഉമ്മൻ - റാണി ദമ്പതികളുടെ മകൻ തോമസ് സി ഉമ്മൻ (37) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ നിരണം സ്വദേശി മാത്യു ജോർജ് (54) പത്തനംതിട്ട ജില്ലയിൽ ആണെങ്കിലും ഭാര്യയുടെ വീടായ ചെങ്ങന്നൂർ പാണ്ടനാടാണ് വീട് വച്ച് താമസിക്കുന്നത്.
തിരുവല്ല സ്വദേശിയായ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റില്‍ ബുധനാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തൊഴിലാളികള്‍ ഉറക്കത്തില്‍ ആയിരുന്നത് അപകടത്തിൻ്റെ ആഘാതം വർധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. തീപിടിത്തത്തില്‍ മരിച്ച കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരിൽ സജു വര്‍ഗീസിൻ്റെ വീട് ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ സന്ദര്‍ശിച്ചു.