കാസർകോട്: തെരഞ്ഞെടുപ്പ് ഇങ്ങടുത്തു, വയസ് 111 ആയെങ്കിലും വോട്ട് ചെയ്യാനുള്ള ആവേശം കുപ്പച്ചിയമ്മയ്ക്ക് മാറിയിട്ടില്ല. തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുമ്പോൾ തന്‍റെ അവശതയൊക്കെ കുപ്പച്ചിയമ്മ മറക്കും. ഇഎംഎസിന്‍റെ കാലം തൊട്ട് വോട്ട് ചെയ്‌ത കഥകളുടെ കെട്ടഴിക്കും. ചിലതൊക്കെ തപ്പിയും തടഞ്ഞും ഓർത്തെടുക്കും. കൊച്ചു മക്കളോടും തെരഞ്ഞെടുപ്പിന്‍റെ കാര്യങ്ങൾ പറഞ്ഞു കൊടുക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തുവെന്നും ഇത്തവണയും വോട്ട് ചെയ്യുമെന്നും പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട് കാഞ്ഞങ്ങാട് വെള്ളിക്കോത്തെ സി കുപ്പച്ചിയമ്മ പറയുമ്പോൾ വോട്ടിന്‍റെ പ്രാധാന്യം എത്രയുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ അച്‌ഛന്‍റെ കൂടെ ആണ് വോട്ട് ചെയ്യാൻ പോയതെന്ന് കുപ്പച്ചി ഓർക്കുന്നു.
കാസർകോട്ടെ പ്രായം കൂടിയ വോട്ടർ ആണ് ഇവർ. സംസ്ഥാനത്തെ പ്രായം കൂടിയ വോട്ടർ ആകാനും സാധ്യതയുണ്ട്. ഇഎംഎസിന്‍റെ കടുത്ത ആരാധികയാണ് കുപ്പച്ചിയമ്മ. വെള്ളിക്കോത്ത് മഹാകവി പി സ്‌മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ 20 ആം നമ്പർ ബൂത്തിലെ വോട്ടറാണ്.
കന്നി വോട്ട് മുതൽ ഇതേ സ്‌കൂളിലാണ് വോട്ട് ചെയ്‌തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീട്ടിൽ നിന്നാണ് വോട്ട് ചെയ്‌തത്. ഇത്തവണയും കുപ്പച്ചിക്ക് വീട്ടിലാണ് വോട്ട്. പ്രായം ഏറെ ആയെങ്കിലും സ്വന്തം കാര്യങ്ങൾക്ക് ബന്ധുക്കളുടെ സഹായമൊന്നും തേടാതെയാണ് കുപ്പച്ചിയമ്മ ജീവിക്കുന്നത്.
1948 ലെ നെല്ലെടുപ്പ് സമരത്തിൽ പങ്കെടുത്ത ചരിത്രവും ഉണ്ട് ഈ മുത്തശ്ശിക്ക്. കയ്യിൽ മിന്നുന്ന വളകളും മേൽ കുപ്പായത്തിനു പകരം ഒരു തോർത്തും പിന്നെ കയ്യിൽ ഒരു വടിയുമായി കുപ്പച്ചിയമ്മ വീടിന്‍റെ ഉമ്മറത്ത് ഉണ്ടാകും. മകൻ മരിച്ചതിന്‍റെ 41 ദിവസം തികയും മുന്നേയാണ് കഴിഞ്ഞ തവണ വോട്ട് ചെയ്യാൻ പോയത്. ഏറ്റവും പ്രായം ചെന്ന വോട്ടർ എന്ന നിലയിൽ കുപ്പച്ചിയമ്മയെ ആദരിച്ചിരുന്നു.
ALSO READ : ലോക്‌സഭ തെരഞ്ഞെടുപ്പ്; ദേശീയ നേതാക്കളെ രംഗത്തിറക്കി വോട്ട് പിടിക്കാന്‍ മുന്നണികൾ