കോട്ടയം: കൊടിക്കുന്നിൽ സുരേഷിന് പ്രോടേം സ്‌പീക്കർ സ്ഥാനം നൽകിയില്ല എന്നത് ഭരണഘടന ധ്വംസനമാകുന്നത് എങ്ങനെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ഭരണഘടനയിൽ അങ്ങനെ എഴുതിവച്ചിട്ടില്ലെന്നും ഒരു കീഴ്‌വഴക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി ഏറ്റവും കൂടുതല്‍ കാലം ജനപ്രതിനിധി ആയിരുന്നയാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി ബിജെപി കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചിന്താ സദസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രോടേം സ്‌പീക്കർ പാനലിൻ്റെ സത്യപ്രതിജ്ഞയ്ക്ക് എന്തുകൊണ്ട് കൊടിക്കുന്നിൽ പോയില്ല. ദലിതനായത് കൊണ്ട് അദ്ദേഹത്തെ ക്ഷണിച്ചില്ല എന്ന് കോൺഗ്രസ് നേതാക്കന്മാർ പറയുന്നു. കൊടിക്കുന്നിലിന് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശം ലംഘിച്ച കോൺഗ്രസാണ് യഥാർഥത്തിൽ ഭരണഘടന ധ്വംസനം നടത്തിയതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
ഇന്ത്യൻ ഭരണഘടന ധ്വംസകരായ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ന് ഭരണഘടന സംരക്ഷകരായി അഭിനയിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവാനാത്മക രാഷ്ട്രീയം മുന്നോട്ട് വച്ച് ജനാധിപത്യം പുഷ്‌ടിപ്പെടുത്തുന്ന നടപടിയുമായിട്ടാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നതെന്നും കുമ്മനം പറഞ്ഞു.
ബിജെപി ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. ജെ പ്രമീള ദേവി മുഖ്യപ്രഭാഷണം നടത്തി. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടതിൽ അറസ്റ്റ് വരിച്ച കോത്തല കെആർ രവീന്ദ്രനെ ചടങ്ങില്‍ കുമ്മനം രാജശേഖരൻ ആദരിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി.രാധാകൃഷ്‌ണ മേനോൻ, പ്രൊഫ. ബി വിജയകുമാർ, തോമസ് ജോൺ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ജി ബിജു കുമാർ, ജില്ലാ വൈസ് പ്രസിഡന്‍റ് കെപി ബുവനേഷ് എന്നിവർ ചടങ്ങില്‍ സംസാരിച്ചു.
Also Read: ലോക്‌സഭ സ്‌പീക്കര്‍; മത്സരം ഇത് മൂന്നാം തവണ. ഒരുങ്ങി ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും