കാസർകോട് : കുമ്പള പൊലീസ് സ്റ്റേഷനിലെ മേൽക്കൂരയുടെ സിമൻ്റ് പാളികൾ അടർന്നു വീണു. സ്റ്റേഷനിൽ ജിഡി ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ്റെ ഇരിപ്പിടത്തിന് സമീപമാണ് സിമന്‍റ് പാളികൾ അടർന്ന് വീണത്. തലനാരിഴയ്‌ക്കാണ് പൊലിസുകാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മേശപ്പുറത്ത് ഉണ്ടായിരുന്ന ഗ്ലാസ് ,ഫോൺ, മെഷീൻ എന്നിവയെല്ലാം സിമന്‍റ് പാളി വീണ് തകർന്നു. മേൽക്കൂരയിലുണ്ടായിരുന്ന ഫാനിന് കേടുപ്പാടുകൾ സംഭവിച്ചിട്ടുണ്ട്. പരാതിയുമായും മറ്റ് ആവശ്യങ്ങൾക്കുമായും പൊതുജനമെത്തുന്ന കവാടത്തിൽ തന്നെയാണ് അപകടം നടന്നത്. ഈ സമയം കനത്ത മഴയും ഉണ്ടായിരുന്നു.
കാലപ്പഴക്കം കാരണം ഏറെക്കാലമായി സിമന്‍റ് പാളികൾ അടർന്ന് വീഴുന്നത് പതിവാണെന്ന് പൊലീസുകാർ തന്നെ പറയുന്നു. മഴയെത്തുടർന്ന് കോൺക്രീറ്റിന് നനവുണ്ടായിരുന്നത് ഭാരം വർധിക്കാനും കാരണമായി.
Also Read : മരം കയറ്റിവന്ന ലോറി റോഡിലേക്ക് ചരിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം - Lorry Loaded With Wood Overturned