തിരുവനന്തപുരം : കെഎസ്ആർടിസി ഇലക്ട്രിക് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ നിന്ന് മുൻ ഗതാഗത ആന്‍റണി രാജുവിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഗതാഗത വകുപ്പ് (KSRTC Electric bus flag off controversy). നഗരസഭയും സ്‌മാർട്ട് സിറ്റി ലിമിറ്റഡും ചേർന്ന് സംഘടിപ്പിച്ച ഇലക്ട്രിക് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്‍റെ സംഘാടനം സംബന്ധിച്ച് ഗതാഗത വകുപ്പിനെയും മന്ത്രിയേയും കുറ്റപ്പെടുത്തി കൊണ്ടുള്ള മാധ്യമ വാർത്തകൾ വസ്‌തുതാവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടകനായ ചടങ്ങിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അതിഥിയായി പങ്കെടുക്കുക മാത്രമാണ് ഉണ്ടായത്.
ചടങ്ങിന്‍റെ ക്ഷണിതാക്കളെ തീരുമാനിച്ചതും വേദിയും സമയവും തീരുമാനിച്ചതും കെഎസ്ആർടിസി അല്ലെന്നും വ്യക്തമാക്കി. മന്ത്രിയെ കുറ്റപ്പെടുത്താൻ വസ്‌തുത വിരുദ്ധമായ വാർത്തയ്ക്കു പ്രചാരണം നൽകിയ മാധ്യമ നടപടി ഖേദകരമാണെന്നും വസ്‌തുത അറിയാതെ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന സമീപനം ഒഴിവാക്കണമെന്നും ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മുൻ ഗതാഗത മന്ത്രി ആന്‍റണി രാജുവും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും തമ്മിൽ ശീതസമരം (Antony Raju and KB Ganesh Kumar controversy) തുടരുന്നതിനിടെ കെഎസ്ആർടിസി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറ്റി നിർത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രിയുടെ ഓഫിസ് തന്നെ രംഗത്തെത്തിയത്. ചടങ്ങിൽ ക്ഷണമില്ലെങ്കിലും പങ്കെടുക്കാനെത്തിയ ആന്‍റണി രാജു തന്‍റെ കൂടി കുഞ്ഞാണിതെന്നും ആര് വളർത്തിയാലും കുഴപ്പമില്ലെന്നും പറഞ്ഞു.
ചടങ്ങിലേക്ക് എത്തിയെങ്കിലും ഉദ്ഘാടനത്തിന് മുൻപ് തന്നെ മടങ്ങുകയും ചെയ്‌തു. താൻ ഗതാഗത മന്ത്രിയായിരിക്കെയാണ് ഇലക്ട്രിക് ബസ് വാങ്ങി തുടങ്ങിയത്. ഡബിൾ ഡക്കർ ഒരു മാസമായി വെറുതെ കിടക്കുകയാണ്. ഉദ്ഘാടനത്തെ കുറിച്ച് അറിഞ്ഞില്ല. സാധാരണ പുത്തരികണ്ടത്ത് വച്ചൊക്കെയാണ് ഉദ്ഘാടനം നടത്തുന്നത്. ഇത് വേറെ മണ്ഡലമാണ്.
Also Read: 'കെഎസ്‌ആര്‍ടിസിയുടെ ദാരിദ്ര്യം മാറും, സര്‍ക്കാരിന്‍റേത് ശക്തമായ തീരുമാനം': കെബി ഗണേഷ് കുമാര്‍
പരിപാടിയിൽ ക്ഷണിച്ചാലും ഇല്ലെങ്കിലും എന്‍റെ കുഞ്ഞല്ലേയെന്നും ആന്‍റണി രാജു ചോദിച്ചു. ഗണേഷ് കുമാറിന് വൈരാഗ്യം ഉള്ളതായി തോന്നുന്നില്ല. ഇലക്ട്രിക് ബസ് ആയതുകൊണ്ട് ഉദ്ഘാടനം ചെയ്യാതിരിക്കുന്നില്ലല്ലോ. ആദ്യം തന്‍റെ മണ്ഡലം പെടുന്ന പുത്തരിക്കണ്ടത്ത് വച്ചു ഉദ്ഘാടനം എന്നായിരുന്നു പറഞ്ഞത്. പിന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ല. ബസ് നിരത്തിലിറങ്ങുമ്പോൾ ഒരു അച്ഛൻ്റെ സന്തോഷം തോന്നുന്നു. എൻ്റെ കുഞ്ഞാണല്ലോ ഇലക്ട്രിക് ബസ്. കാണാൻ വന്നതാണെന്നും ആന്‍റണി രാജു പറഞ്ഞു.