തിരുവനന്തപുരം : കീശ കാലിയാകാതെ മൂന്നാറും വാഗമണും പൊന്മുടിയുമൊക്കെ ചുറ്റാൻ പ്ലാനുണ്ടോ? എന്നാൽ കേട്ടോളൂ... ഈ വേനൽ അവധിക്കാലത്ത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് യാത്രക്കാർക്കായി നാല് ഉല്ലാസയാത്ര പാക്കേജുകളാണ് ഒരുക്കുന്നത്. ഏപ്രിൽ 19ന് മൂന്നാർ, 28 ന് വാഗമൺ, പൊന്മുടി എന്നീ ഉല്ലാസ യാത്രകളാണ് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ക്രമീകരിച്ചിരിക്കുന്നത്. നെഫർറ്റിറ്റി ആഡംബര കപ്പൽയാത്രയുടെ തീയതിയും നിരക്കും തീരുമാനിച്ചിട്ടില്ല.
ടൂർ പാക്കേജും നിരക്കും ഇങ്ങനെ, വിശദ വിവരം അറിയാം
മൂന്നാർ : ഏപ്രിൽ 19 ന് രാത്രി 9 മണിക്ക് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 21ന് രാത്രി 12 മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് മൂന്നാർ ടൂർ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസിലാണ് യാത്ര. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് 295 കിലോമീറ്റർ ദൂരമുണ്ട് മൂന്നാറിലേക്ക്.
പുലർച്ചെ 5 മണിയോടെ മൂന്നാർ എത്തും. 20ന് രാവിലെ മുതൽ മറയൂർ, ഇരവികുളം നാഷണൽ പാർക്ക്, കാന്തല്ലൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. മൂന്നാറിൽ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 21 ന് രാമക്കൽമേട്, ചതുരംഗ പാറ എന്നിവിടങ്ങളിലും സന്ദർശനം നടത്തും. ചതുരംഗ പാറയിൽ ജീപ്പ് ട്രക്കിങ് നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീപ്പ് ട്രക്കിങ്ങിന് 8 പേർ അടങ്ങുന്ന സംഘത്തിന് 2800 രൂപയാണ് നിരക്ക്. യാത്രക്കാർക്ക് പ്രത്യേകം പണം നൽകി ജീപ്പ് സഫാരി നടത്താം. രാത്രി 12 മണിയോടെ തിരികെ നെയ്യാറ്റിൻകര ഡിപ്പോയിലെത്തും. യാത്രയും താമസ സൗകര്യവും ഉൾപ്പെടെ ഒരാൾക്ക് 2500 രൂപയാണ് നിരക്ക് ഈടാക്കുന്നത്. ഭക്ഷണം ഉൾപ്പെടില്ല. ടിക്കറ്റ് ബുക്കിങ്ങിന് ബന്ധപ്പെടേണ്ട നമ്പർ: 9387222777, 9746843601.
വാഗമൺ (ഏകദിന ഉല്ലാസയാത്ര) : ഏപ്രിൽ 28 ന് പുലർച്ചെ 3 മണിക്ക് പുറപ്പെട്ട് രാത്രി 12 മണിയോടെ എത്തുന്ന തരത്തിലാണ് വാഗമൺ ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് / സൂപ്പർ ഡീലക്‌സ് ബസിലായിരിക്കും യാത്ര. 208 കിലോമീറ്റർ ദൂരമുണ്ട് നെയ്യാറ്റിൻകരയിൽ നിന്നും വാഗമണിലേക്ക്.
രാവിലെ 9 മണിയോടെ വാഗമണിലെത്തും. മുണ്ടക്കയത്താണ് പ്രഭാത ഭക്ഷണം. വാഗമൺ മൊട്ടക്കുന്ന് കാഴ്‌ചകൾ, പൈൻ വാലി, മൊട്ടക്കുന്ന്, പരുതുംപാറ, തങ്ങൾപാറ, അഡ്വഞ്ചർ ക്ലബ്, ഷൂട്ടിങ് പോയിന്‍റ് ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എല്ലാം സന്ദർശിക്കും. ബോട്ടിങ്ങിനും സമയം അനുവദിക്കും.
തുക പ്രത്യേകമായി നൽകണം. വാഗമണിലാണ് ഉച്ചഭക്ഷണം. രാത്രി 12 മണിയുടെ തിരികെ നെയ്യാറ്റിൻകര ഡിപ്പോയിലെത്തും. ഒരാൾക്ക് 950 രൂപയാണ് നിരക്ക്. ഭക്ഷണം ഉൾപ്പെടില്ല. ടിക്കറ്റ് ബുക്കിങ്ങിന് ബന്ധപ്പെടേണ്ട നമ്പർ: 9387222777, 9048516389.
പൊന്മുടി (ഏകദിന ഉല്ലാസയാത്ര) : ഏപ്രിൽ 28 ന് പുലർച്ചെ 5.30ന് പുറപ്പെട്ട് രാത്രി 8.30 ന് തിരികെയെത്തുന്ന വിധത്തിലാണ് പൊന്മുടി പാക്കേജ്. നെയ്യാറ്റിൻകരയിൽ നിന്ന് പൊന്മുടിയിലേക്ക് 58 കിലോമീറ്ററോളം ദൂരമുണ്ട്. നെയ്യാർഡാം, ഗോൾഡൻ വാലി, പൊന്മുടി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുന്നത്.
ആദ്യം നെയ്യാർ ഡാമിലേക്കാണ് യാത്ര. ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യവുമുണ്ട്. അക്വേറിയും സന്ദർശിക്കും. തുടർന്ന് കല്ലാർ ഗോൾഡൻ വാലിയിലേക്ക് പോകും. ഇവിടെ കുളിക്കുന്നതിനും സമയം അനുവദിക്കും.
ഇതിന് ശേഷമാണ് പൊന്മുടിയിലേക്ക് പോകുന്നത്. പൊന്മുടിയിൽ നിന്ന് വൈകിട്ട് 6 മണിക്ക് ഡിപ്പോയിലേക്ക് തിരിക്കും. കോട്ടൂരിലെ നാടൻ ഭക്ഷണശാലയിലാണ് പ്രഭാത ഭക്ഷണവും ഉച്ചയൂണും. ഒരാൾക്ക് 550 രൂപയാണ് നിരക്ക്. ഭക്ഷണം ഉൾപ്പെടില്ല. ടിക്കറ്റ് ബുക്കിങ്ങിന് ബന്ധപ്പെടേണ്ട നമ്പർ: 8943095591, 8921602989.
യാത്രക്കാർക്ക് പ്രിയം നെഫർറ്റിറ്റി ആഡംബര കപ്പൽയാത്ര, തീയതിയും നിരക്കും ഉടൻ പ്രഖ്യാപിക്കും : ഇവയ്ക്ക് പുറമെ യാത്രക്കാർക്കിടയിൽ ഏറെ ഡിമാൻഡുള്ള ടൂർ പാക്കേജാണ് കൊച്ചിയിലെ നെഫർറ്റിറ്റി ആഡംബര കപ്പൽയാത്ര. ഈ പാക്കേജിൻ്റെ തീയതിയും നിരക്കും നിശ്ചയിച്ചിട്ടില്ല. വൈകിട്ട് നാല് മണിയോടെയാണ് കപ്പൽയാത്ര ആരംഭിക്കുന്നത്. മൂന്ന് മണിയോടെ നെഫർറ്റിറ്റി ആഡംബര കപ്പലിൽ കയറാനുള്ള ചെക്ക് ഇൻ ആരംഭിക്കും.
കർശന പരിശോധനയ്ക്ക് ശേഷമാകും കപ്പലിൽ പ്രവേശനം അനുവദിക്കുക. യാത്രക്കാരുടെ ബാഗുകൾ കപ്പലിനകത്ത് കൊണ്ടുപോകാൻ അനുവദിക്കില്ല. അഞ്ച് മണിക്കൂർ കപ്പലിൽ ചെലവഴിക്കാനാകും. ചെക്ക് ഇൻ കഴിഞ്ഞ് 4 മണിക്ക് കപ്പൽ ബോൾഗാട്ടി ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
യാത്രക്കാരുമായി കപ്പൽ 12 നോട്ടിക്കൽ മൈൽ ദൂരം പോകും. യാത്രക്കാർക്ക് കപ്പലിനുള്ളിൽ തന്നെയാണ് ഡിന്നർ ഒരുക്കുന്നത്. യാത്രക്കാർക്കായി ഡിജെ പാർട്ടിയും സ്പെഷ്യൽ ഇവന്‍റുകളും സംഘടിപ്പിക്കും.
Also Read: ഏപ്രില്‍ മാസത്തെ സര്‍വകാല റെക്കോര്‍ഡ്; കലക്ഷനില്‍ കുതിച്ച് കെഎസ്ആർടിസി - KSRTC Record Collection