എറണാകുളം : കൊച്ചിയിൽ വഹനാപകടത്തിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ മുഹമ്മദ് സജ്ജാദ്(22), റോബിൻ(29) എന്നിവരാണ് മരിച്ചത്. ഇരുവരും ആലുവ തായിക്കാട്ടുക്കര സ്വദേശികളാണ്. ഇവര്‍ യാത്ര ചെയ്‌ത ബൈക്ക് കെഎസ്ആർടിസി ബസുകൾക്ക് ഇടയിൽപ്പെടുകയായിരുന്നു. ദേശീയ പാതയിൽ ചക്കരപ്പറമ്പിൽവച്ചായിരുന്നു അപകടം.
നിർത്തിയിട്ട കെഎസ്ആർടിസി ബസിനെ മറികടന്ന് ഇരുചക്ര വാഹനം മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനങ്ങൾ വേഗത്തിലായതിനാൽ ഇടിയുടെ ആഘാതം വലുതായിരുന്നു. അപകടത്തില്‍പ്പെട്ട ഇരുചക്ര വാഹനം പൂർണമായും തകർന്നിട്ടുണ്ട്.
ബൈക്ക് യാത്രികർ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ബസിനടിയിൽ കുടുങ്ങി കിടന്ന യുവാക്കളെ ഫയർ ഫോഴ്‌സ് എത്തി ബസിൻ്റെ ഭാഗം മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ദീർഘ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.