കോഴിക്കോട്: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരനെ അറസ്‌റ്റ് ചെയ്‌ത പൊലീസ് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യലിനായി വടകര പൊലീസ് സ്‌റ്റേഷനില്‍ അദ്ദേഹം ഹാജരാവുകയായിരുന്നു. ആര്‍എംപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് ഹരിഹരന്‍ സ്‌റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.
ജനാധിപത്യ മഹിള അസോസിയേഷന്‍റെ പരാതിയിലാണ് പൊലീസ് നടപടി. അതേസമയം താന്‍ പറഞ്ഞതില്‍ നിയമപരമായി തെറ്റില്ലെന്നാണ് ഹരിഹരന്‍ പറയുന്നത്. രാഷ്‌ട്രീയപരമായി തന്‍റെ പ്രസ്‌താവനയില്‍ തെറ്റുള്ളത് കൊണ്ടാണ് നേരത്തെ ഖേദം പ്രകടിപ്പിച്ചത്. പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും കേസിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നും ഹരിഹരന്‍ പറഞ്ഞു.
കെകെ ശൈലജയെപ്പറ്റി ഹരിഹരൻ നടത്തിയ ഒരു പരാമര്‍ശമാണ് കേസിന് കാരണമായത്. സിപിഎം വര്‍ഗീയതക്കെതിരെ യുഡിഎഫും ആര്‍എംപിയും സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമര്‍ശം. സിനിമ നടി മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാകും. എന്നാല്‍ ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോയെന്നും ഹരിഹരന്‍ ചോദിച്ചു. ഇതാണ് കേസിന് കാരണമായത്.
Also Read: വടകരയിലെ അശ്ലീല വിഡിയോ വിവാദം: സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്