എറണാകുളം: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൽ സെബി ചെയർപേഴ്‌സൺ ആരോപണ വിധേയായ സാഹചര്യത്തിൽ ജോയിൻ്റ് പാർലമെൻ്ററി സമിതി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുറ്റാരോപിതയായ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് രാജിവെയക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
കെപിസിസിയുടെ നേതൃത്വത്തിൽ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് മേഖല ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റപത്രം വായിക്കുമ്പോൾ കുറ്റവാളികൾ വെപ്രാളപ്പെടുന്നത് പോലെയാണ് ഹിന്‍ഡന്‍ബർഗ് റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ബിജെപി നേതാക്കളുടെ പ്രസ്‌താവനകൾ.
ബിജെപി നേതാക്കളും കേന്ദ്രസർക്കാരും അദാനിയേയും സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെയും ന്യായീകരിക്കാൻ ഓവർടൈം പണിയെടുക്കുകയാണ്. രാജ്യത്തിൻ്റെ മാനം ഓഹരി വിപണിയിൽ വിൽപനയ്‌ക്ക് വച്ച മോദി സർക്കാരിൻ്റെ പ്രവർത്തന റിപ്പോർട്ടാണ് ഇത്. ഇന്ത്യൻ ജനതയെ കൊള്ളയടിക്കാൻ കേന്ദ്ര സർക്കാർ ഒത്താശയോടെ അദാനി നടത്തിയ സമഗ്ര പ്ലാനാണത്.
അതിന് ചൂട്ട് കത്തിച്ചുകൊടുത്ത സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച് ഈ കുത്തക മുതലാളിയുടെ കണക്കപ്പിള്ളയുടെ പണിയാണെടുത്തത്. മോദി ലോകം ചുറ്റുമ്പോൾ കൂടെ കറങ്ങുന്ന അദാനിയുടെ കമ്പനികൾ ഓഹരി വിപണിയിലെ കൃത്രിമ ഇടപെടൽ കൊണ്ട് മൂന്നുവർഷത്തിനകം 819 ശതമാനമാണ് ലാഭമുണ്ടാക്കിയത്. ഓഹരി ഇടപാടുകളെ റെഗുലേറ്റ് ചെയ്യേണ്ട സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനിയുടെ ഷെൽ കമ്പനികളിൽ അനധികൃത ഇടപാടുകൾ ഉണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വസ്‌തുതയാണ്.
രാജ്യത്തെ ഓഹരി വിപണികളിലെ പ്രവർത്തനങ്ങളെ റെഗുലേറ്റ് ചെയ്യുന്നതിന് കോൺഗ്രസ് കൊണ്ടുവന്ന സെബി ആക്‌ടിൽ വെള്ളം ചേർക്കുന്ന നിലപാടാണ് മോദിയുടെ ഭരണകാലത്ത് രാജ്യത്ത് അരങ്ങേറുന്നത്. സെബി പോലൊരു സ്‌റ്റാറ്റ്യൂട്ടറി ബോഡിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്നു കൊണ്ടാണ് മാധബി പുരി ബുച് അദാനിയുടെ കമ്പനികൾക്ക് ക്ലീൻ ചീറ്റ് നൽകിയത്.
അദാനിയുടെ കമ്പനി ഓഹരി നിക്ഷേപകരെ കൊള്ളയടിക്കുതിനെതിരെ പാർലമെൻ്റിൽ ശബ്‌ദമുയർത്തിയതിൻ്റെ പേരിലാണ് രാഹുൽ ഗാന്ധിയെ കുത്സിത മാർഗത്തിലൂടെ അയോഗ്യനാക്കുകയും വീട്ടിൽ നിന്നിറക്കി വിട്ടതും. അദാനിയുടെ പേര് പാർലമെൻ്റിനകത്ത് പറയാതിരിക്കാൻ നിഷിദ്ധ വാക്കുകളായി റൂളിങ് പോലും നൽകപ്പെടുന്നുവെന്നും സതീശൻ പറഞ്ഞു.
സെബി ചെയര്‍പേഴ്‌സണും ഭർത്താവിനും കടലാസ് കമ്പനികളുടെ മറവിൽ നിക്ഷേപമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ അദാനിക്കെതിരെയടക്കം ജോയിൻ്റ് പാർലമെൻ്ററി സമിതി അന്വേഷണം നടത്തണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. സ്‌റ്റോക്ക് എക്‌സ്ചേഞ്ചുകളിൽ അദാനിയുടെ ഓഹരികൾക്ക് വിലകൂട്ടി കാണിച്ച്, നിക്ഷേപകരെ പറ്റിച്ച് ലാഭമുണ്ടാക്കുകയാണ്.
ഇന്ത്യയിലെ പൊതു മേഖല സ്ഥാപനങ്ങളെ മൂന്നിലൊന്ന് വിലയ്ക്ക് വിറ്റഴിക്കുയാണ്. ഇതിൽ നിന്നും പണം അടിച്ച് മാറ്റുകയാണ്. രാജ്യം കോർപ്പറേറ്റുകൾ കൊള്ളയടിക്കുന്നു. ഇതിൽ ഒന്നാമനാണ് പ്രധാനമന്ത്രിയുടെ ഉറ്റമിത്രമായ അദാനിയെന്നും വി ഡി സതീശൻ ആരോപിച്ചു. എറണാകുളം ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ഇഡി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലവരെയുള്ള പ്രവര്‍ത്തകർ എറണാകുളം ഇഡി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.