കോഴിക്കോട്: മെഡിക്കല്‍ കോളജ് മാലിന്യ സംസ്‌കരണ പ്ലാന്‍റിലേക്ക് ശുചിമുറി മാലിന്യം സംസ്‌ക്കരിക്കാൻ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും വിദ്യാർഥികളുടെയും ആശങ്കകളെക്കുറിച്ച് പഠിക്കാൻ പ്രിൻസിപ്പല്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. കോർപ്പറേഷൻ പദ്ധതിക്കെതിരെ മെഡിക്കല്‍ കോളജ് വിദ്യാർഥികളും റസിഡൻസ് അസോസിയേഷനും ജീവനക്കാരും പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം.
ഒരാഴ്‌ചയോളമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യവുമായി ടാങ്കറുകള്‍ മെഡിക്കല്‍ കോളജ് ക്യാമ്പസിലെ പ്ലാന്‍റില്‍ എത്തുന്നുണ്ട്. പ്ലാന്‍റ് പ്രവർത്തിക്കുമ്പോള്‍ രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നതെന്നും പരിസരവാസികള്‍ ഇതുമൂലം പ്രയാസത്തിലാണെന്നുമാണ് പ്രതിഷേധക്കാരുടെ പരാതി. പ്ലാന്‍റിന്‍റെ സമീപത്ത് ഒട്ടേറെ ജീവനക്കാർ താമസിക്കുന്നുണ്ട്. ഇതിനടുത്താണ് പാരാ മെഡിക്കല്‍ വിദ്യാർഥികളുടെ ഹോസ്റ്റലും പ്രവർത്തിക്കുന്നത്.
കക്കൂസ് മാലിന്യം കൊണ്ടുവരുന്നത് ആശുപത്രി ഒപി, അത്യാഹിത വിഭാഗം തുടങ്ങിയ പരിസരങ്ങളിലൂടെയുമാണ്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും എന്ന് ആശങ്കയുമുണ്ട്. നേരത്തെ കക്കൂസ് മാലിന്യവുമായി മെഡിക്കല്‍ കോളജ് മലിനജല സംസ്‌കരണ പ്ലാന്‍റിലേക്ക് വന്ന വാഹനം തടഞ്ഞിരുന്നു. കോളജിലെ ഭൂരിഭാഗം സ്ഥാപനങ്ങളെയും ഇതുവരെ സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിലേക്ക് ബന്ധിപ്പിച്ചിട്ടില്ല. ഇത് കാരണമുള്ള മാലിന്യം നിറഞ്ഞ് ദുരിതം അനുഭവിക്കുമ്പോഴാണ് നഗരത്തില്‍ നിന്നുള്ള മാലിന്യം കൂടി മെഡിക്കല്‍ കോളജിലെ പ്ലാന്‍റില്‍ എത്തിച്ച് സംസ്‌ക്കരിക്കുന്നത്.
ഇതിനെതിരെ സമരം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്‌ച (ജൂൺ 14) സംഘടിപ്പിച്ച ബഹുജന കണ്‍വൻഷനില്‍ അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തിരുന്നു. നഗര മാലിന്യം തള്ളുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനുമാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
മലബാറിലെ ഏക ആശ്രയമായ മെഡിക്കല്‍ കോളജ് ക്യാമ്പസ് മാലിന്യ സംസ്‌കരണ കേന്ദ്രമാക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്നും ശക്തമായ എതിർപ്പ് ഉയർന്ന് തുടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങളോ വ്യക്തികളോ ആവശ്യപ്പെടുന്ന പോലെ ശേഖരിക്കുന്ന മാലിന്യം മെഡിക്കല്‍ കോളജിലെ മലിനജല സംസ്‌കരണ പ്ലാന്‍റിലെത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ് കോർപ്പറേഷന്‍റെ പദ്ധതി.