കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് കെവി പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ പുരോഗതി അറിയാൻ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ടു. ഡോ പ്രീതി കൃത്യമായ മൊഴി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചില്ലെന്നുമായിരുന്നു അതിജീവിതയുടെ പരാതി.
ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നും അതിജീവിത നല്‍കിയ പരാതിയില്‍ ഉണ്ട്. ശരീരത്തില്‍ കണ്ട മുറിവുകള്‍ രേഖപ്പെടുത്താൻ നഴ്‌സുമാർ പറഞ്ഞപ്പോള്‍ ഡോക്‌ടർ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും അതിജീവിത പറയുന്നു.
പ്രീതിക്കെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കിട്ടണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഇല്ലെങ്കില്‍ കമ്മിഷണർ ഓഫിസിന് മുന്നില്‍ സമരം തുടങ്ങും.
തിങ്കളാഴ്‌ച കമ്മിഷണറെ കാണാനെത്തിയ അതിജീവിതയെ കമ്മിഷണർ ഓഫിസിന് മുന്നില്‍ തടഞ്ഞിരുന്നു. ഇതില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് പരാതി നല്‍കും. നീതി ഉറപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമില്ലെന്നും അതിജീവിത പറഞ്ഞു.
ALSO READ: സിസ്‌റ്റര്‍ അനിതയുടെ നിയമനം; പുനഃപരിശോധനാ ഹർജി പരിഗണിക്കുക വേനലവധിക്ക് ശേഷം