കോഴിക്കോട്: കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളജിലെ വനിത ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്‌ടർമാരും നഴ്‌സുമാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തി. സമരവുമായി അവർ മുന്നിട്ടിറങ്ങിയതോടെ മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു.
കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്‌ടർമാരും കെഎംപിജിഎയുടെ നേതൃത്വത്തിൽ പിജി ഡോക്‌ടർമാരും അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടുനിന്നു. ഇതോടെ ഒപി വിഭാഗവും എമർജൻസി അല്ലാത്ത ഓപറേഷൻ തുടങ്ങിയവയും പൂർണമായും തടസപ്പെട്ടു. നഴ്‌സുമാരുടെ സംഘടനകളുടെ നേതൃത്വത്തിലും സമരം സംഘടിപ്പിച്ചിരുന്നു. കെജിഎൻയു, കെജിഎൻഎ എന്നിവരുടെ നേതൃത്വത്തിലും സമരം നടത്തി.
പ്രകടനമായെത്തിയാണ് പ്രതിഷേധക്കാർ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ വച്ച് പ്രതിഷേധ സമരം നടത്തി.
ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് മെഡിക്കൽ കോളജിന് പുറമെ കോഴിക്കോട് ബീച്ച് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ മിക്ക ആശുപത്രികളിലും സമരത്തെ തുടർന്ന് രോഗികൾ വലഞ്ഞു.
Also Read: വനിത ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം; കോട്ടയം മെഡിക്കല്‍ കോളജിലും പ്രതിഷേധം