കോഴിക്കോട്: കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ആകെ 15 സ്ഥാനാർത്ഥികൾ. ഇവരിൽ ഒന്നിൽ കൂടുതൽ പത്രിക നൽകിയവരുടെയടക്കം 26 പത്രികകൾ സമർപ്പിക്കപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനും എം കെ രാഘവനും മൂന്ന് അപരന്മാർ വീതമാണ് ഉള്ളത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് പുറമെ ബിഎസ്‌പി, എസ്‌യുസിഐ എന്നീ പാർട്ടികളുടെ സ്ഥാനാർത്ഥികളും പത്രിക നൽകി.
അറുമുഖന്‍ (ബിഎസ്‌പി), നവ്യ ഹരിദാസ് (ബിജെപി), എംടി രമേശ് (ബിജെപി), എ പ്രദീപ് കുമാർ (സിപിഎം), എളമരം കരീം (സിപിഎം), ശുഭ (സ്വതന്ത്ര), എംകെ രാഘവൻ (കോൺഗ്രസ്), ജോതിരാജ് (എസ്‌യുസിഐ) എന്നിവരുടെ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എളമരം കരീമിന്‍റെ അപരൻമാരായി പരപ്പൻ പൊയിൽ രാരോത്ത് സ്വദേശി അബ്ദുൾ കരീം, മടവൂർ മുട്ടാഞ്ചേരി സ്വദേശി അബ്ദുൾ കരീം കെ, കിഴക്കോത്ത് കച്ചേരി മുക്ക് സ്വദേശി അബ്ദുൾ കരീം എന്നിവരും എം കെ രാഘവന്‍റെ അപരൻമാരായി കോഴിക്കോട് ലോറൻസ് റോഡില്‍ രാഘവൻ എൻ, കുന്ദമംഗലം കോനോട്ട് ടി രാഘവൻ, കക്കോടി മോരിക്കര സ്വദേശി പി രാഘവൻ എന്നിവരാണ് പത്രിക സമർപ്പിച്ചത്.