കോഴിക്കോട്: ഇക്കാലഘട്ടത്തില്‍ വിദേശത്ത് ജോലി എന്ന് കേട്ടാല്‍ എടുത്തു ചാടുന്നവരാണ് ഭൂരിഭാഗം പേരും. പ്രത്യേകിച്ച് മലയാളികള്‍. യൂറോപ്യൻ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ജോലി തേടിപ്പോകുന്ന മലയാളികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചു വരികയാണ്. മികച്ച ജോലിയും ജീവിത നിലവാരവും നല്ല ശമ്പളവും സ്വപ്‌നം കണ്ടാണ് മലയാളികള്‍ ഏറെയും വിദേശത്തേക്ക് ചേക്കേറുന്നത്.
വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴിലാളികളുടെ ഡിമാൻഡ് വര്‍ധിച്ചതോടെ, ഇതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും രാജ്യത്തിന് അകത്തും പുറത്തും വ്യാപകമാണ്. ഓരോ ദിവസവും വ്യത്യസ്‌ത രീതിയില്‍ ജോലി തട്ടിപ്പിന് ഇരയായവരുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. മികച്ച ജോലിയും ശമ്പളവും വാഗ്‌ദാനം ചെയ്‌താണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്.
ഇതുപോലെ, തൊഴില്‍ തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറംലോകം അറിയുന്നത്. കിഴക്കന്‍ പേരാമ്പ്ര സ്വദേശി രാജീവന്‍ (46) കംബോഡിയയില്‍ കുടുങ്ങിയിട്ട് 3 മാസം പിന്നിട്ടിരിക്കുകയാണ്. കൂത്താളിയിലെ തണ്ടോറപ്പാറ കിഴക്കേ മാണിക്കോത്ത് കണ്ടി താമസിച്ചിരുന്ന പേരാമ്പ്ര കുന്നുമ്മല്‍ രാജീവനാണ് കംബോഡിയയില്‍ കുടുങ്ങിയത്. തമിഴ്‌നാട്ടുകാരായ മറ്റ് നാല് പേരും രാജീവനൊപ്പം കുടുങ്ങിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജോലി വാഗ്‌ദാനം ചെയ്‌ത് പത്തനംതിട്ട സ്വദേശികളായ മുരളിയും ജോജിനുമാണ് രാജീവനെ സമീപിച്ചതെന്ന് ഭാര്യ സിന്ധു പറയുന്നു. 1.84 ലക്ഷം രൂപ ഇതിനായി ഇവര്‍ വാങ്ങി. ജൂണ്‍ 10ന് നാട്ടില്‍ നിന്നും തിരിച്ച് ബാങ്കോക്കില്‍ ജോജിന്‍റെ അടുത്തെത്തി. ഇവിടെ നിന്നും മറ്റൊരിടത്താണ് ജോലിയെന്ന് പറഞ്ഞ് പിന്നീട് വെസ്റ്റേണ്‍ കംബോഡിയയിലെ പോയ് പെറ്റ് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി' എന്ന് സിന്ധു പറഞ്ഞു.
ജോലി ഓണ്‍ലൈന്‍ തട്ടിപ്പ് കമ്പനിയിലാണെന്ന് മനസിലായതിനെ തുടര്‍ന്ന് സെപ്‌റ്റംബറില്‍ അവിടെ നിന്ന് നാട്ടിലേക്ക് വരാൻ ശ്രമിച്ചു. രണ്ടാഴ്‌ച മുമ്പ് ഒരു മലയാളി വിളിച്ചിരുന്നു. പാസ്‌പോര്‍ട്ടും രേഖയും പിടിച്ച് വച്ചെന്നും അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോയെന്നും ഒടുവില്‍ ജയിലില്‍ അകപ്പെട്ടു എന്നുമാണ് വിളിച്ചയാൾ പറഞ്ഞതെന്ന് സിന്ധു വ്യക്തമാക്കി.
നവംബര്‍ 14നാണ് രാജീവന്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മകളുമായി വളരെ കുറഞ്ഞ സമയമാണ് സംസാരിച്ചത്. അവശനായ നിലയിലാണ് എന്നാണ് സംസാരത്തില്‍ നിന്നും മനസിലായതെന്നും വീട്ടുകാര്‍ പറഞ്ഞു.
രാജീവനെ തിരികെ എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
രാജീവനെ നേരില്‍ കാണാന്‍ എംബസി ശ്രമവും നടത്തുന്നുണ്ട്. സിന്ധു നല്‍കിയ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് രാജീവനെ കൊണ്ടുപോയ മുരളിക്കും ജോജിനും എതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Read Also: വിസ വാഗ്‌ദാനം ചെയ്‌ത് 10 ലക്ഷത്തോളം തട്ടി; യുവതി അറസ്റ്റില്‍