കണ്ണൂര്‍: സങ്കീര്‍ണങ്ങളായ ആചാരാനുഷ്‌ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് കൊട്ടിയൂര്‍ മഹാശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം. മറ്റെല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ സമാപിക്കുമ്പോഴാണ് കൊട്ടിയൂരിൽ ഉത്സവം അരങ്ങേറുന്നത്. ആചാരനാനുഷ്‌ഠാനങ്ങള്‍ പോലെ തന്നെ ഇവിടുത്തെ പ്രസാദത്തിനുമുണ്ട് പ്രത്യേകത.
വൈശാഖ മഹോത്സവത്തില്‍ പങ്കെടുത്ത് തിരിച്ച് പോകുന്നവര്‍ പ്രസാദമായി കൊണ്ടു പോകുന്നത് ഓടപ്പൂവാണ്. ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് ഭക്തജനങ്ങള്‍ ഓടപ്പൂവിനെ കണക്കാക്കുന്നത്. കൊട്ടിയൂരിലെ പ്രസാദമായ ഓടപ്പൂവ് അയ്യായിരത്തിലേറെപ്പേര്‍ക്ക് ഒരു മാസക്കാലം തൊഴിലും പ്രദാനം ചെയ്യുന്നുണ്ട്.
വൈശാഖ മഹോത്സവകാലത്ത് ഓടപ്പൂവുണ്ടാക്കാനുളള ഈറ്റ കൊണ്ടു വരുന്നതു മുതല്‍ പൂവാക്കുന്നതു വരെ രാപ്പകല്‍ തൊഴില്‍ ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. വയനാട് വൈത്തിരി, കോടഞ്ചേരി, റാന്നി എന്നിവിടങ്ങളില്‍ നിന്നാണ് ഓടപ്പൂവുണ്ടാക്കുന്ന ഈറ്റ കൊണ്ടുവരുന്നത്.
ഒരടിയോളം നീളമുള്ളതാണ് ഓടപ്പൂവ്. അതില്‍ ചെറുതും നിര്‍മിക്കുന്നുണ്ട്. ഓടയുടെ മുട്ട് വെട്ടി കരിന്തൊലി ചെത്തി നേരെ നിര്‍ത്തി ഇടിക്കണം. ഇതിന് തൊഴില്‍ വൈദഗ്ധ്യം വേണം. മുട്ടുവരെ ഇടിച്ച് ഒരു ദിവസം വെള്ളത്തിലിട്ട് പിഴിഞ്ഞെടുക്കണം. പിന്നീട് ഇരുമ്പു കൊണ്ട് നിര്‍മ്മിച്ച ചീര്‍പ്പു കൊണ്ട് ചീകി നൂല്‍ പരുവത്തിലാക്കിയാണ് ഓടപ്പൂവിന്‍റെ നിര്‍മ്മാണം. നിര്‍മ്മാണത്തിന്‍റെ ഓരോ തട്ടിലും വൈദഗ്ധ്യമുളളവര്‍ തന്നെ വേണം.
നിരനിരയായി തൂക്കിയിട്ട ഓടപ്പൂക്കടകളില്‍ ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ കഴിവുള്ള വില്‍പ്പനക്കാരും റെഡിയാണ്. ഇത്തരത്തിൽ നിരവധി പേര്‍ക്ക് മഹോത്സവകാലത്തിലൂടെ തൊഴില്‍ ലഭിക്കുന്നു. ഒരു പ്രസാദം എന്നതിലുപരി നിരവധി പേര്‍ക്ക് ഒരു ജീവിതോപാധി കൂടിയാണ് കൊട്ടിയൂരിലെ ഉത്സവകാലം.
വീടുകളിലും വാഹനങ്ങളിലും ഐശ്വര്യ വര്‍ധനവിനായി ഓടപ്പൂവ് തൂക്കിയിടുന്ന പതിവും ഭക്തജനങ്ങള്‍ക്കുണ്ട്. ദക്ഷയാഗം നടക്കവേ യാഗകര്‍മ്മിയായ ഭൃഗുമുനിയെ വീരഭദ്രര്‍ അക്രമിക്കുകയും യാഗം മുടക്കുകയും ചെയ്‌തു എന്നാണ് സങ്കല്‍പ്പം. മുനിയുടെ താടി വീരഭദ്രര്‍ പറിച്ചെടുത്ത് അക്കര കൊട്ടിയൂരിലെ തിരുവഞ്ചിറയിലേക്ക് വലിച്ചെറിഞ്ഞുവത്രേ. മുനിയുടെ താടിയാണെന്ന സങ്കല്‍പ്പത്തിലാണ് പ്രസാദമായി ഭക്തജനങ്ങള്‍ ഓടപ്പൂവ് കൊണ്ടു പോകുന്നത്. നൂറ് രൂപ മുതല്‍ നൂറ്റമ്പത് രൂപ വരെയാണ് വലുപ്പമനുസരിച്ച് ഓടപ്പൂവിന്‍റെ വില.
ALSO READ: സുന്ദര കാഴ്‌ചകളുടെ പറുദീസ; സഞ്ചാരികളേ... വരൂ, കല്യാണത്തണ്ടിലെ മലനിരകളിലേക്ക്