കോട്ടയം: നഗരത്തിലെ ആകാശപ്പാതയുടെ (സ്‌കൈവോക്) മേൽക്കൂര പൊളിച്ചുനീക്കണമെന്ന് വിദഗ്‌ധസമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശ പ്രകാരം പാലക്കാട് ഐഐടി ചെന്നൈയിലെ സ്ട്രക്‌ചറൽ എൻജിനീയറിങ് റിസർച് സെൻ്റർ നടത്തിയ ബലപരിശോധനാ റിപ്പോർട്ടിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അടിസ്‌ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ നീക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതേസമയം ആദ്യഘട്ട നിർമാണം നടത്തിയ കിറ്റ്‌കോയെ ഒഴിവാക്കി പകരം ഊരാളുങ്കൽ സൊസൈറ്റിയെ പണിയേൽപ്പിക്കാനുള്ള സർക്കാരിൻ്റെ നീക്കം നടക്കാതെ വന്നതോടെ ബലപരിശോധനയിലൂടെ ആകാശപ്പാതയ്ക്ക് തടയിട്ടതാണെന്ന് ആരോപണമുണ്ട്. ആകാശപ്പാതയെ കൊല്ലാൻ കാരണം കണ്ടെത്തിയതാണെന്ന് തിരുവഞ്ചൂർ രാധകൃഷ്‌ണൻ പ്രതികരിച്ചു.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മന്ത്രിയെക്കൊണ്ട് പദ്ധതിയ്ക്ക് എതിരായി സംസാരിപ്പിച്ച സർക്കാരാണ് ഭരണത്തിലിരിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 2015 ഡിസംബർ 22നാണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിർമാണം അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. തുടർന്ന് കിറ്റ്‌കോയ്ക്കുള്ള ഫണ്ട് കുടിശികയാകുകയും പണി നിർത്തിവെയ്‌ക്കുകയുമായിരുന്നു.
അതേസമയം തട്ടിക്കൂട്ട് പദ്ധതികൊണ്ട് വന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പാഴായ പണം തിരിച്ചടയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. അനിൽ കുമാർ ആവശ്യപ്പെട്ടു. പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നഗരവാസികൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം അപകടമായി മാറി നിൽക്കുന്ന പദ്ധതി പൊളിച്ചു നീക്കണമെന്നതാണ്.