കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വരണാധികാരി കോട്ടയം ജില്ലാ കളക്‌ടർ വി. വിഗ്നേശ്വരിക്ക് മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് ഇന്ന് സമർപ്പിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, അഡ്വ. മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായി എന്നിവർക്കൊപ്പമാണ് ഫ്രാൻസിസ് ജോർജ് പത്രിക സമർപ്പിക്കാൻ എത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു ശേഷം സ്ഥാനാർഥി തുറന്ന വാഹനത്തിൽ ഗാന്ധി സ്ക്വയറിലേക്ക് പ്രകടനവുമായി എത്തി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.
മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടനും എൻഡിഎ സ്ഥാനാർഥിയായ തുഷാർ വെള്ളാപ്പള്ളിയും ഇന്നലെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. തോമസ് ചാഴികാടൻ മൂന്ന് സെറ്റ് പത്രികയും തുഷാർ വെള്ളാപ്പള്ളി രണ്ട് സെറ്റ് പത്രികയും ആണ് നൽകിയത്.