തിരുവനന്തപുരം: കോട്ടയം കനാറാ ബാങ്കിലെ അഴിമതി കേസിൽ മുൻ ബാങ്ക് ചീഫ് മാനേജർ ഉൾപ്പെടെ നാല് പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും 5 കോടി 87 ലക്ഷം രൂപ പിഴയും. കനാറാ ബാങ്ക് മുൻ ചീഫ് മാനേജർ ഇ. ജി. എൻ. റാവു, ബോബി ജേക്കബ്, ടീനു ബോബി, കെ.വി. സുരേഷ് എന്നീ ഒന്ന്, മൂന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയും മാനേജറുമായ എം.പി. ഗോപിനാഥൻ നായരെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ കോടതിയുടെതാണ് ഉത്തരവ്.
പിഴ തുകയിൽ നിന്ന് പണം നഷ്‌ടമായ കോട്ടയം സ്വദേശി ഉണ്ണിമായകുട്ടിക്ക് അഞ്ച് കോടി രൂപ നൽകണം. കൂടാതെ പണം നഷ്‌ടമായ ഗിരിജയ്ക്ക് 40 ലക്ഷം രൂപയും, അനിൽ രാജ് 25 ലക്ഷം രൂപയും, ശിവരാജൻ ഉണ്ണിത്താന് 5 ലക്ഷം രൂപയും നൽകാന്‍ ഉത്തരവിൽ പറയുന്നു. പ്രതികൾ ഈ പണം നൽകിയില്ലെങ്കിൽ അവരുടെ വസ്‌തുക്കൾ ജപ്‌തി ചെയത് പണം ഈടക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇവർ നാലു പേരും കേസിലെ സാക്ഷികളാണ്.
2004 ജൂൺ ഏഴ് മുതൽ 2006 ഡിസംബർ 16 എന്നീ കാലഘട്ടത്തിലാണ് അഴിമതി നടക്കുന്നത്. ഒന്നാം പ്രതി മൂന്നും, നാലും പ്രതികളുമായി ഗുഢാലോചന നടത്തി കുരുമുളകിന്‍റെയും, ഏലത്തിൻ്റെയും ബിസിനസ് ആവശ്യങ്ങൾക്കെന്നും പറഞ്ഞ്, കോട്ടയം കനറാ ബാങ്ക് ശാഖയിൽ നിന്നും വിവിധ ലോണുകൾ എടുത്തു. ഇതിനായി ഇവർ ചെത്തിപ്പുഴ അസോസിയേറ്റ്സ്, ചെത്തിപ്പുഴ ട്രയിഡിങ് കമ്പനി എന്നിങ്ങനെ ഇല്ലാത്ത സ്ഥാപനങ്ങൾ ഉണ്ടെന്ന രേഖകൾ കൃത്രിമമായി തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.
അഞ്ചാം പ്രതി സുരേഷ് പണം പലിശയ്ക്ക് നൽകുന്ന വ്യക്തിയാണ്. ഇയാളുടെ അടുത്ത് പണം വാങ്ങാൻ എത്തുന്നവരുടെ പക്കലില്‍ നിന്നും , പണം നൽകുന്നതിൻ്റെ ഈടായി അവരുടെ പേരിൽ ഉള്ള ഭൂമിയോ, ചെക്കോ സുരേഷ് വാങ്ങി വയ്ക്കും. ഇതിന് ശേഷം പ്രമാണം മൂന്നും നാലും പ്രതികളായ ബോബി ജേക്കബ്, ടീനു ബോബി എന്നിവരുടെ പേരിൽ എഴുതും. പണം തിരികെ നൽകുമ്പോള്‍ ആയാൾ ഇത് തിരിച്ച് എഴുതി നൽകും. ഇതിന് ശേഷം പ്രതികൾ ഈ രേഖകള്‍ ബാങ്കിൽ കൊണ്ട് പോയി അവർ എടുത്ത ലോണിൻ്റെ ഇടായി വയ്ക്കും. ഇതിന് ചീഫ് മാനേജറും കൂട്ടുനിന്നു. ഇങ്ങനെ ബാങ്കിന് അഞ്ച് കോടിക്ക് പുറത്ത് നഷ്ട്ടം സംഭവിച്ചു എന്നാണ് സിബിഐ റിപ്പോര്‍ട്ട്.
പണം നൽകിയ ശേഷവും ഭൂമിയുടെ രേഖകൾ ആളുകള്‍ക്ക് തിരികെ നൽകാത്തതും, ബാങ്കിൽ നിന്നും പരാതികൾ വന്നതിനെ തുടർന്നുമാണ് തട്ടിപ്പ് മനസ്സിലാക്കിയത്. ബാങ്ക് അന്വേഷണം നടത്തിയതോടെ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് കേസ് സിബിഐ അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സെന്തിൽ കുമാർ കെ ആണ് ഹാജരായത്.