കൊല്ലം: മാസങ്ങള്‍ക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തി മടങ്ങിയ ഉമറുദ്ദീന്‍ ഷമീറിന്‍റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് നാടറിഞ്ഞത്. വാര്‍ത്ത കേട്ട് ഞെട്ടിയ കുടുംബത്തിന് ഇപ്പോഴും നടുക്കം വിട്ടകന്നിട്ടില്ല. കുവൈറ്റിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ഇന്നുണ്ടായ അപ്രതീക്ഷിത തീപിടിത്തമാണ് മരണത്തിന്‍റെ രൂപത്തില്‍ ഷമീറിനെ കവര്‍ന്നത്.
ദുരന്ത വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ അതൊരിക്കലും നമ്മുടെ ഷമീര്‍ ആകരുതെന്ന് നാടും വീടും ഉള്ളുരുകി പ്രാര്‍ഥിച്ചു. എന്നാല്‍ പ്രാര്‍ഥനകളും പ്രതീക്ഷകളുമെല്ലാം വിഫലമാക്കിയാണ് പിന്നീടുള്ള വാര്‍ത്തകള്‍ വന്നെത്തിയത്. കുടുംബത്തിന് വേണ്ടി ഏറെ പ്രതീക്ഷകള്‍ പേറിയാണ് ഓരോ യുവാക്കളും പ്രവാസ ജീവിതത്തിലേക്ക് കാലുവയ്‌ക്കുന്നത്. എന്നാല്‍ പ്രതീക്ഷകളെല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ചാണ് ഷമീറിന്‍റെ ഈ മടക്കം.
ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്‍ ശോഭിത ദമ്പതികളുടെ മകനാണ് ഷമീര്‍. തൊഴിലാളികള്‍ താമസിച്ചിരുന്ന എന്‍ടിബിസി ക്യാമ്പാണ് ഇന്ന് (ജൂണ്‍ 12) പുലര്‍ച്ചെ അഗ്നിക്കിരയായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്‍ടിബിസി കമ്പനിയിലെ ഡ്രൈവറാണ് ഷമീര്‍. പത്തനാപുരം സ്വദേശിനി സുറുമിയാണ് ഷമീറിന്‍റെ ഭാര്യ.
ദുരന്തത്തില്‍ ഷമീറിനൊപ്പം നിരവധി മലയാളികളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ അഞ്ച് മലയാളികളുടെ മൃതദേഹം മാത്രമാണ് ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ കേരളം മുഴുവന്‍ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ണീരോട് പരതുകയാണ്. മരിച്ച പലരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്നാണ് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: കുവൈറ്റിലെ തീപിടിത്തം: മരിച്ചവരില്‍ 21 മലയാളികള്‍, കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു