കൊല്ലം: എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് പട്ടത്താനം എസ്എൻഡിപി ഗവൺമെന്‍റ് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. എട്ടര മണിയോടുകൂടി ആയിരുന്നു മുകേഷ് വോട്ട് ചെയ്യാൻ എത്തിയത്. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യ വളരെയേറെ മാനസികപ്രയാസം ഉണ്ടാക്കിയതായി സമ്മതിദാന അവകാശം രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തുടക്കം മുതൽ കലാകാരൻ എന്നു പറഞ്ഞ് അവഹേളിച്ചു. ലഘുലേഖ വിതരണം ചെയ്‌തത് സിപിഎം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പരാതി നൽകിയിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. അതിൽ തനിക്ക് പങ്കുണ്ടെന്ന് പറയുന്നെങ്കിൽ അത് തെറ്റാണ്. പ്രതിപക്ഷ ബഹുമാനം അങ്ങേയറ്റം കാത്തുസൂക്ഷിച്ചത് താനാണ്.
ഇത് രാഷ്ട്രീയമാണ്, ഇവര്‍ കലാകാരന്മാരാണ് എന്ന തരത്തിലായിരുന്നു യുഡിഎഫിന്‍റെ പ്രതികരണം. അത് 100% ഉൾക്കൊണ്ട സ്ഥാനാർഥിയാണ് താൻ. പ്രചാരണത്തിന് താരങ്ങളെ ആരെയും വിളിച്ചില്ല.
സിനിമാതാരങ്ങൾ വന്നതുകൊണ്ട് വിജയിച്ചു എന്ന് പറയാതിരിക്കാനാണത്. കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ച് താൻ യുഡിഎഫ് സ്ഥാനാർഥി ബിജെപിയിലേക്ക് എന്ന് പറഞ്ഞെങ്കിൽ തെളിവുകൊണ്ടുവരണമെന്നും മുകേഷ് വെല്ലുവിളിച്ചു. കനത്ത പോളിങ് എൽഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: 'കേരളത്തിൽ അവിശ്വസനീയമായ ഫലങ്ങൾ ഉണ്ടാകും' ; സകുടുംബം വോട്ട് രേഖപ്പെടുത്തി ജി കൃഷ്‌ണകുമാർ