കൊല്ലം: കൊല്ലം കലക്‌ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. യുഎപിഎ വകുപ്പ് പ്രകാരമാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ പ്രതികൾ 30,000 രൂപ പിഴയും അടയ്‌ക്കണം. സ്‌ഫോടന കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികൾക്കാണ് ശിക്ഷ.
നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്‍റ് പ്രവര്‍ത്തകരും തമിഴ്‌നാട് സ്വദേശികളുമായ അബ്ബാസ് അലി (31), ദാവൂദ് സുലൈമാന്‍ (27), ഷംസൂണ്‍ കരീംരാജ (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കി.
അതേസമയം തെളിവുകൾ ഇല്ലാത്തതിനാൽ നാലാം പ്രതിയെ കോടതി വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ കോടതി മാപ്പുസാക്ഷിയാക്കുകയും ചെയ്‌തിരുന്നു. ശിക്ഷാവിധി സംബന്ധിച്ച വാദം കഴിഞ്ഞ ദിവസം കൊല്ലം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2016 ജൂണ്‍ 15നാണ് കൊല്ലത്ത് സ്ഫോടനമുണ്ടാകുന്നത്. സബ് ട്രഷറിക്കും മുന്‍സിഫ് കോടതിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം നടന്നത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും വെടിമരുന്നും ബാറ്ററിയും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
Also Read: കൊല്ലം കലക്‌ട്രേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ, നാലാം പ്രതിയെ വെറുതെവിട്ട് കോടതി