കോഴിക്കോട് : കൊടുവള്ളി പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ നിന്നും നഷ്‌ടപ്പെട്ട നൂറാമത്തെ ഫോണും പൊലീസ് കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി. കൊടുവള്ളി പൊലീസിൽ സിഇഐആർ (CEIR PORTAL ) വഴിയാണ് പരാതികൾ റജിസ്റ്റർ ചെയ്‌തത്. പരാതി ലഭിച്ച നൂറാമത്തെ മൊബൈൽ ഫോൺ ഉത്തർപ്രദേശിൽ നിന്നും കണ്ടെത്തിയാണ് ഉടമസ്ഥനു കൈമാറിയത്.
മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ട് പോയതിനെ തുടർന്ന് കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ സിഇഐആർ വഴി ഉടമ പരാതി രജിസ്ട്രർ ചെയ്‌തതിനെതിനെ തുടർന്ന് കൊടുവള്ളി പൊലീസ്, കോഴിക്കോട് റൂറൽ ജില്ലാ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്.
ഫോൺ അഞ്ച് മാസം മുൻപ് ഒരു ഹോട്ടലിൽ വച്ച് നഷ്‌ടപ്പെട്ടതാണ്. ഇതര സംസ്ഥാന തൊഴിലാളിക്ക് ലഭിച്ച ഫോൺ അഞ്ച് മാസത്തോളം സിം ഇടാതെ കിടന്നു. തുടർന്ന് കഴിഞ്ഞ ആഴ്‌ച സിം കാർഡ് ഫോണിൽ ഇട്ടപ്പോൾ സിഇഐആർ സൈറ്റിൽ ആ സിം നമ്പർ ലഭിക്കുകയായിരുന്നു. തുടർന്ന് സിം കാർഡ് ഉടമയുമായി പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് അദ്ദേഹം കൊറിയർ വഴി ഫോൺ പൊലീസിന് ആയച്ചു കൊടുക്കുകയായിരുന്ന.
സാധാരണ നിലയിൽ മൊബൈൽഫോൺ നഷ്‌ടപ്പെട്ടാൽ അത് തിരികെ ലഭിക്കുക വലിയ പ്രയാസകരമാണ്. എന്നാൽ കൊടുവള്ളി പൊലീസ് ഇത്തരത്തിലുള്ള കേസുകളിൽ വലിയ ജാഗ്രത കാണിച്ചതോടെയാണ് പരാതി ലഭിച്ച നൂറ് മൊബൈൽ ഫോണുകളും കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകാൻ കഴിഞ്ഞത്.