പത്തനംതിട്ട: അസുഖത്തെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോന്നി ആനക്കൂട്ടിലെ ആന കോടനാട് നീലകണ്‌ഠൻ ചരിഞ്ഞു. 30 വയസ് പ്രായമുണ്ട്. മൂന്ന് വർഷം മുൻപ് കോടനാട് നിന്ന് കോന്നിയിലെ ആനക്കൂട്ടിലെത്തിച്ചതാണ് നീലകണ്‌ഠനെ.
കോന്നിയില്‍ പരിപാലിച്ച് വരുന്നതിനിടെ ഉദരസംബന്ധമായ അസുഖം പിടിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 27 ദിവസമായി ഫോറസ്റ്റ് വെറ്റിനറി ഡോക്‌ടർ ശ്യാം ചന്ദ്രന്‍റെ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു നീലകണ്‌ഠൻ.
2021 ഫെബ്രുവരിയിലാണ് നീലകണ്‌ഠൻ കോന്നി ആനത്താവളത്തിലെത്തിയത്. 1996 ല്‍ മലയാറ്റൂര്‍ വനം ഡിവിഷനിലെ വടാട്ടുപാറ ഭാഗത്ത് പഴയ വാരിക്കുഴിയില്‍ നിന്നാണ് രണ്ട് വയസ് പ്രായമുള്ള നീലകണ്‌ഠനെ വനം വകുപ്പിന് ലഭിക്കുന്നത്.
ആനയുടെ ജഡം കോന്നി ആനക്കൂട്ടില്‍ പൊതുദർശനത്തിന് വച്ചു. തുടർന്ന് വൈകിട്ടോടെ ആനത്താവളത്തില്‍ നിന്നും നീലകണ്‌ഠന്‍റെ ജഡം ക്രയിന്‍ ഉപയോഗിച്ച് വാഹനത്തില്‍ കയറ്റി കുമ്മണ്ണൂര്‍ ഫോറസ്‌റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തിലെത്തിച്ച് പോസ്‌റ്റുമോര്‍ട്ടം നടത്തി. തുടർന്ന് സംസ്‌കാരം നടത്തി.
Also Read: 10 ദിവസത്തോളം വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു