എറണാകുളം : കൊച്ചിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയായ യുവതി നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് നിഗമനത്തിൽ പൊലീസ്. യുവതിയെ വീണ്ടും ചോദ്യം ചെയ്‌തതോടെയാണ് സംഭവങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടായത്. പ്രസവിച്ചയുടനെ കുഞ്ഞിൻ്റ വായും മൂക്കും പൊത്തി പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞ് കരഞ്ഞ് ശബ്‌ദം വീട്ടുകാർ കേൾക്കാതിരിക്കാനായിരുന്നു ഇത്തരത്തിൽ ചെയ്‌തത്. നേരത്തെ തന്നെ ഗർഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് പ്രസവാനന്തരം കുഞ്ഞിനെ ഇല്ലാതാക്കിയത്. വെള്ളിയാഴ്‌ച (മെയ് 3) രാവിലെ അഞ്ചു മണിയോടെ പ്രസവം നടന്നുവെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്തി എന്ത് ചെയ്യണമെന്ന് അറിയാതെ കിടപ്പുമുറിയിൽ വാതിൽ അടച്ച് ഇരിക്കുകയായിരുന്നു.
ഇതിനിടയിൽ ആത്മഹത്യ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയതോടെയാണ് കൂടുതൽ പരിഭ്രാന്തയായത്. തുടർന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കവറിൽ പൊതിഞ്ഞ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചത്. എന്നാൽ കുഞ്ഞിൻ്റെ ശരീരം സമീപത്തെ വൃക്ഷ ശിഖിരങ്ങളിൽത്തട്ടി റോഡിൽ വീഴുകയായിരുന്നു. ഇതോടെ കൂടുതൽ പരിഭ്രാന്തയായി മുറിയിൽ തുടരുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകിയതായാണ് സൂചന.
അതേസമയം തന്നെ സുഹൃത്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയും പൊലീസ് ഗൗരവമായാണ് കാണുന്നത്. നിലവിൽ ഒരു അതിജീവതയെന്ന നിലയിലാണ് പ്രതിയായ യുവതിയെ പൊലീസ് കാണുന്നത്. ഇവരുടെയോ കുടുംബത്തിൻ്റെയോ തിരിച്ചറിയാൻ കഴിയുന്ന ഒരു വിവരവും പുറത്ത് വിടരുതെന്ന് പൊലീസ് മാധ്യമങ്ങളോട് ഉൾപ്പടെ ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനത്തിന് ഇരയായെന്ന മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തിയ ശേഷമായിരിക്കും സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തുക. നിലവിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് സൂചന.
തൃശൂർ സ്വദേശിയും നർത്തകനായ യുവാവുമായി സമൂഹ മധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. തങ്ങൾ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ ഇയാൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയത്. യുവതിയുടെ ഫോൺ ഉൾപ്പടെ പരിശോധിച്ച് ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്.
അതേസമയം നവജാത ശിശുവിൻ്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതവും, കുഞ്ഞിൻ്റെ ശരീരത്തിൽ വലിയ ബലം പ്രയോഗിച്ചതുമാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ വിശദമായ റിപ്പോർട്ടിലാണ് മരണകാരണം സംബന്ധിച്ച് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. കുറ്റസമ്മതം നടത്തിയ യുവതിക്കെതിരെ നരഹത്യ കുറ്റം ഉൾപ്പെടെ ചുമത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി.
നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ആശുപത്രി വിടുന്നതോടെ കോടതിയിൽ ഹാജറാക്കി, പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. അതേസമയം മജിസ്ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ച് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യവും പൊലീസിൻ്റെ പരിഗണനയിലാണ്.