ഇടുക്കി: കർണാടക ഷിരൂരിലെ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ പെട്ട ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. അതേസമയം രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും ആണെന്നുമുള്ള വിവാദങ്ങളും ഉയരുന്നുണ്ട്. എന്നാൽ 5 വർഷം മുൻപ് കൊച്ചി -ധനുഷ്കോടി ദേശീയപാതയുടെ നിർമാണത്തിനിടയിൽ മലയിടിഞ്ഞതിനെ തുടർന്ന് കാണാതായ തമിഴ്‌നാട് സ്വദേശിയെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്നതും ശ്രദ്ധേയമാണ്.
തമിഴ്‌നാട് കൃഷ്‌ണഗിരി ചെന്നാട്ടർ സ്വദേശി തമിഴരശനെ(19) ആണ് 2019 ഒക്ടോബർ 9 ന് വൈകുന്നേരം 5 മണിക്ക് ഗ്യാപ് റോഡിൽ ഉണ്ടായ മലയിടിച്ചിലിൽ കാണാതായത്. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്റർ ആയിരുന്നു തമിഴരശൻ. കൂടെയുണ്ടായിരുന്ന ക്ലീനർ ഡിണ്ടിഗൽ എളുമാനംപെട്ടി സ്വദേശി ഉദയനും(18) ഇവർ ഓപ്പറേറ്റ് ചെയ്‌തിരുന്ന മണ്ണുമാന്തി യന്ത്രവും ഒരു ടിപ്പറുമാണ് മലയിടിച്ചിലിൽ മണ്ണിനടിയിൽ പെട്ടുപോയത്.
ഉദയന്‍റെ മൃതദേഹം 2 ദിവസങ്ങൾക്ക് ശേഷം ഗ്യാപ് റോഡിൽ നിന്നും ഒരു കിലോമീറ്റർ താഴെയുള്ള നടുപ്പാറയിൽ നിന്ന് കണ്ടെത്തിയിരുന്നു. ടിപ്പറിൽ ഉണ്ടായിരുന്ന 2 പേർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. 2 ദിവസങ്ങൾക്ക് ശേഷം തമിഴരശൻ്റെ വസ്ത്രം മണ്ണ് നീക്കിയ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. എന്നാൽ ഒരാഴ്‌ചയോളം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും തമിഴരശന്‍റെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.
ഗ്യാപ് റോഡിൽ നിന്നും 2 കിലോമീറ്ററോളം താഴേക്കാണ് മലയിടിച്ചിലുണ്ടായത്. ഗ്യാപ് റോഡിൽ നിന്നും 100 അടി താഴ്‌ചയിലേക്ക് തമിഴരശൻ ഓടിച്ചിരുന്ന മണ്ണുമാന്തി യന്ത്രം പതിച്ചുവെന്നാണ് നിഗമനം. മലയടിച്ചിലിനെ തുടർന്ന് 6 മാസത്തോളം ഇതുവഴിയുള്ള ഗതാഗതം നിലച്ചിരുന്നു. 381 കോടി രൂപ ചെലവിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോ മീറ്റർ റോഡ് നിർമാണം ആരംഭിച്ചത് 2017 ഓഗസ്റ്റിലാണ്. 2 വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കരാറെങ്കിലും പല കാരണങ്ങളാൽ 6 വർഷമെടുത്താണ് റോഡിൻ്റെ നിർമാണം പൂർത്തിയാക്കിയത്.
കൃഷ്‌ണഗിരിയിലെ നിർധന കുടുംബാംഗമായ തമിഴരശൻ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്ററായി ജോലി തുടങ്ങി ഒരു വർഷത്തിനകമാണ് ദേശീയപാത 85 ൻ്റെ ഭാഗമായ മൂന്നാർ-ബോഡിമെട്ട് റോഡിൻ്റെ നിർമാണത്തിനെത്തിയത്. തമിഴരശനെ കണ്ടെത്താൻ വലിയ സമ്മർദ്ദങ്ങളൊന്നും ഉണ്ടാകാത്തതിനാൽ എൻഡിആർഎഫോ, സൈന്യമോ പരിശോധനയ്ക്ക് എത്തിയില്ല. സംസ്ഥാന സർക്കാരും ദേശീയപാത വിഭാഗവും തമിഴരശൻ്റെ കുടുംബത്തിന് നഷ്‌ടപരിഹാരവും നൽകിയില്ല.
കരാർ കമ്പനി നൽകിയ നഷ്‌ടപരിഹാരം മാത്രമാണ് തമിഴരശൻ്റെ നിർധന കുടുംബത്തിന് ലഭിച്ചത്. റോഡ് നിർമാണത്തിലേർപ്പെടുന്ന തൊഴിലാളികൾക്ക് നൽകിയിരുന്ന ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ആളെ കാണാതായി 6 വർഷം കഴിയണം. ഇൻഷുറൻസ് ആനുകൂല്യം തമിഴരശൻ്റെ കുടുംബത്തിന് ലഭിക്കണമെങ്കിൽ ആ നിർധന കുടുംബം ഇനിയും ഒരു വർഷം കൂടി കാത്തിരിക്കണം.
അതേസമയം ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നു കൂടി സൈന്യത്തിന് നിർണായക സിഗ്‌നല്‍ ലഭിച്ചിരുന്നു. തുടർന്ന് മണ്ണ് നീക്കിക്കൊണ്ട് നടത്തിയ പരിശോധനയിൽ ട്രക്ക് തല കീഴായി മറിഞ്ഞ നിലയിൽ കണ്ടെത്തി.