തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ജോസഫ് എന്ന വ്യക്തിയുടെ ആത്മഹത്യ പെന്‍ഷന്‍ ലഭിക്കാത്തതു മൂലമല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു(KN Balagopal Speech On Joseph Suicide Issue And Welfare Pension ). പിസി വിഷ്ണുനാഥിന്‍റെ അടിയന്തിര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ഒരു വര്‍ഷത്തിനിടയില്‍ ജോസഫ് ക്ഷേമ പെന്‍ഷനായും തൊഴിലുറപ്പു കൂലിയായും കൈപ്പറ്റിയത് 52,400 രൂപയാണ്. ഈ തുകകള്‍ കൈപ്പറ്റിയത് ജോസഫ് തന്നെയാണ്. 2023 ല്‍ മാത്രം അദ്ദേഹം 24300 രൂപ പെന്‍ഷനായി കൈപ്പറ്റിയിട്ടുണ്ട്. ഡിസംബര്‍ 27 ന് തന്‍റെ പെന്‍ഷനും മാനസിക വെല്ലുവിളി നേരിടുന്ന മകളുടെ പെന്‍ഷനുമായി 3200 രൂപ അദ്ദേഹം കൈപ്പറ്റി. നവംബറിലും ഓണത്തിനും ജോസഫിനു പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അംഗപരിമിതന്‍ എന്ന പ്രത്യേക പരിഗണനയില്‍ അദ്ദേഹം തൊഴിലുറപ്പു പദ്ധതി പ്രകാരം 99 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സ്വന്തം വീട്ടു പരിസരത്തു തന്നെ ഗ്രാമപഞ്ചായത്ത് അത്തരത്തില്‍ സൗകര്യമേര്‍പ്പെടുത്തിയതു കൊണ്ടാണ് അംഗപരിമിതന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഇത്രയും തൊഴില്‍ ദിനങ്ങള്‍ ലഭിച്ചത്. ജോസഫിന്‍റെ അപേക്ഷ പരിഗണിച്ച് ജോസഫിന്‍റെ വീട്ടിലേക്കുള്ള വഴി 5 ലക്ഷം രൂപ ചെലവഴിച്ചു ചക്കിട്ടപ്പാറ പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്‌തു നല്‍കി. ഒന്നരയേക്കര്‍ ഭൂമി സ്വന്തമായുള്ള ജോസഫ് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. അദ്ദേഹത്തിന്‍റെ ആത്മഹത്യാ ഭീഷണിക്കത്ത് ലഭിച്ച ഉടന്‍ പഞ്ചായത്ത് പ്രസിഡന്‍റെ വീട്ടിലെത്തി വീട്ടു വളപ്പില്‍ തന്നെ അദ്ദേഹത്തിന് തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ചെയ്യാനുള്ള സൗകര്യമൊരുക്കി.
മരിച്ച ഒരാളെക്കുറിച്ച് പറയാന്‍ പാടില്ലാത്തതാണെങ്കിലും അദ്ദേഹം 3 തവണ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട് എന്ന കാര്യം ഇവിടെ പറായിതിരിക്കാന്‍ കഴിയില്ല. ആത്മഹത്യാ കുറിപ്പിന്‍റെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. ഇന്ത്യയില്‍ സാര്‍വ്വത്രിക ക്ഷേമ പെന്‍ഷന്‍ നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്.
1980 ലെ നായനാര്‍ സര്‍ക്കാരാണ് കര്‍ഷത്തൊഴിലാളികള്‍ക്ക് 45 രൂപ പ്രതിമാസ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. അന്ന് അത് ഒട്ടും സൃഷ്ടിപരമല്ലെന്നു പറഞ്ഞ് എതിര്‍ത്തവരാണ് യുഡിഎഫുകാര്‍. പിന്നീട് 1987 ല്‍ നായനാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ പെന്‍ഷന്‍ വീണ്ടും വര്‍ധിപ്പിച്ചു. 2006 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സ്ഥാനമൊഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ രണ്ടര വര്‍ഷത്തെ പെന്‍ഷന്‍ കുടിശിക വരുത്തിയിരുന്നു. ആ പെന്‍ഷന്‍ കൊടുത്തത് പിന്നീട് ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ച് 500 രൂപയാക്കിയത് അച്യുതാനന്ദന്‍ സര്‍ക്കാരിയിരുന്നു.
9011 കോടിയാണ് 5 വര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പെന്‍ഷനായി കൊടുത്തതെങ്കില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പെന്‍ഷനായി കൊടുത്തത് 35,154 കോടി രൂപയായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് 23,958 കോടി രൂപ നല്‍കി. ഇത് 5 വര്‍ഷമാകുമ്പോള്‍ 48000 കോടി രൂപയെങ്കിലുമാകും. അത് വര്‍ധിപ്പിച്ചു കൊടുക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു കമ്പനി രൂപീകരിച്ചു. അതിനു മുന്‍പ് വര്‍ഷത്തില്‍ മൂന്നു തവണയായാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്. ഈ കമ്പനി പണം കണ്ടെത്തി പെന്‍ഷന്‍ നല്‍കുകയും അത് കൃത്യമായി തിരിച്ചടയ്ക്കുകയുമാണ് ചെയ്‌തിരുന്നത്.
പെന്‍ഷന്‍ കമ്പനിയുടെ കടമെടുപ്പും കിഫ്ബിയും കുഴപ്പമാണെന്ന് പ്രതിപക്ഷം ബഹളം വച്ചതോടെയാണ് ഇത് ബജറ്റിനു പുറത്തു നിന്നുള്ള കടമെടുപ്പാണെന്ന് സിഎജി റിപ്പോര്‍ട്ട് വന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പെന്‍ഷന്‍ വാങ്ങുന്നവര്‍ 35 ലക്ഷത്തില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 62 ലക്ഷമായിട്ടുണ്ട്. പെന്‍ഷന്‍ കമ്പനിയുടെ കടം സംസ്ഥാനത്തിന്‍റെ കടമായി മാറ്റിയതോടെയാണ് പെന്‍ഷന്‍ പദ്ധതി താളം തെറ്റിയത്.
ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ പ്രതിപക്ഷം കേന്ദ്രത്തിനെതിരെയാണ് സമരം ചെയ്യേണ്ടത്. 57400 കോടി രൂപയാണ് കേന്ദ്രം കേരളത്തിനു വെട്ടിക്കുറച്ചത്. ഇതു കേന്ദ്രം തന്നാല്‍ പെന്‍ഷന്‍ 2500 രൂപയാക്കും(Welfare Pension). പ്രതിപക്ഷം പറയുന്നതില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഫെബ്രുവരി 9 ലെ കേന്ദ്ര വിരുദ്ധ സമരത്തില്‍ പ്രതിപക്ഷം സഹകരിക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.