കോഴിക്കോട്: നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ നേതൃത്വ മികവുകൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ വനിത. നിപ മഹാമാരി കോഴിക്കോടിനെ നിശ്ചലമാക്കിയപ്പോൾ കൂടെ നിന്ന് പ്രവർത്തിച്ചതിന്‍റെ വ്യക്തിമുദ്ര. ഒന്നാം പിണറായി സർക്കാരിലെ ആരോഗ്യ സാമൂഹികക്ഷേമവകുപ്പ് മന്ത്രിയായിരുന്നു ഷൈലജ ഇന്ന് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്(KK Shailaja).
ഇരിട്ടി സ്വദേശിയായ ശൈലജ മട്ടന്നൂർ പഴശ്ശിരാജ കോളജിൽ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തി(Vadakara). പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ശൈലജ മഹിളാ അസോസിയേഷന്‍റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. മട്ടന്നൂർ കോളജിൽ നിന്ന് ബിരുദവും വിശ്വേശരയ്യ കോളേജിൽ നിന്ന് ബിഎഡും കരസ്ഥമാക്കി. ശിവപുരം ഹൈസ്‌കൂളിൽ ശാസ്ത്ര അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചതോടെ ശൈലജ ടീച്ചറായി. നിലവിൽ പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗമാണ്(K Muraleedharan).
കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് 1996ലും പേരാവൂർ മണ്ഡലത്തിൽ നിന്ന് 2006ലും നിയമസഭാംഗമായി. മണ്ഡല പുനർനിർണയത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ നിന്ന് 2011ൽ പരാജയപ്പെട്ടു(Election 2024). 2016ൽ കൂത്തുപറമ്പ് മണ്ഡലം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. 12,291 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ജയിച്ച കെ.കെ. ഷൈലജ പിണറായി മന്ത്രിസഭയിൽ ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി. നിപ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്‍റെ പേരിൽ അന്തർദേശീയ ശ്രദ്ധ നേടിയ ശൈലജയുടെ ജീവിതം സിനിമയിലുമെത്തി.
ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിൽ രേവതിയാണ് കെ. കെ. ശൈലജ ആയി വേഷമിട്ടത്. 2021ൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്നു വീണ്ടും ജനവിധി തേടിയ ശൈലജ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിലെ എറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ (60963 വോട്ട്) വിജയിച്ചു. എന്നാൽ രണ്ടാം പിണറായി സർക്കാരിൽ ഇടം കിട്ടാതെ പോയത് ജനങ്ങൾക്കൊപ്പം അവരിലും നീരസമുളവാക്കി. ഇപ്പോഴും കേരളത്തിന്‍റെ ആദ്യ വനിത മുഖ്യമന്ത്രിയായി അവരെ സ്വപ്നം കാണുന്നവർ നിരവധിയാണ്. അതിനിടയിൽ ഇതാദ്യമായി ലോക്‌സഭയിലേക്കും ജനവിധി തേടാൻ പാർട്ടി നിയോഗിച്ചിരിക്കുന്നു. പി ജയരാജനെ മലർത്തിയടിച്ച് വടകരയിൽ വാഴുന്ന കെ മുരളീധരനോട് ഏറ്റുമുട്ടാൻ ടീച്ചറമ്മ ഇറങ്ങുകയാണ്.
Also Read: പിപിഇ കിറ്റ് അഴിമതി : കെ കെ ശൈലജ അടക്കമുള്ളവര്‍ക്കെതിരെ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി