കോഴിക്കോട്: ഒരു പൊതു തെരഞ്ഞെടുപ്പ് കൂടി ആസന്നമായപ്പോൾ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് മുതലുള്ള അനുഭവങ്ങൾ പങ്കുവയ്‌ക്കുകയാണ് കെ.കെ മാധവൻ. വടകര എംഎൽഎ കെകെ രമയുടെ പിതാവായ സഖാവ് മാധവൻ, 1952ൽ അച്ചടിച്ച ഒരു തെരഞ്ഞെടുപ്പ് ക്ഷണക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നത്. കോൺഗ്രസ് അനുഭാവിയായിരുന്ന താൻ കമ്യൂണിസ്റ്റ് നേതാവായ പി.ആർ നമ്പ്യാരുടെ ഒന്നര മണിക്കൂർ പ്രസംഗം കേട്ടതിന് ശേഷമാണ് കമ്യൂണിസ്റ്റായതെന്ന് സഖാവ് മാധവൻ പറയുന്നു.
തെരഞ്ഞെടുപ്പിൽ ജയിക്കുന്നവർ ജനങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിച്ചതിന്‍റെ നല്ല ഓർമകളാണ് ആ കാലത്തിന്‍റേത്. പ്രകടമായ നിരവധി മാറ്റങ്ങൾ കണ്ടു. വികസനം നടപ്പിലാക്കിയവരെ കൂട്ടത്തോടെ തോൽപ്പിക്കുന്ന കാഴ്‌ചയും കണ്ടു. കെ.കരുണാകരൻ എന്ന നേതാവിന്‍റെ ഉദയവും മറക്കാൻ പറ്റാത്തതാണ്.
പിണറായി വിജയനിൽ എത്തി നിൽക്കുന്ന കേരള രാഷ്ട്രീയം സ്വന്തം കീശ വീർപ്പിക്കലിലേക്ക് മാത്രമായി ഒതുങ്ങി. പ്രദേശിക കമ്യൂണിസ്റ്റുകാർ പോലും അതിന്‍റെ പാത പിന്തുടരുകയാണ്. അതുകൊണ്ട് തന്നെ പുതിയ കാലത്തിന്‍റെ രാഷ്ട്രീയത്തോട് താത്പര്യമില്ല. താൻ ഇപ്പോഴും ആ പഴയ കമ്യൂണിസ്റ്റുകാരനാണ്.
ടി.പി ചന്ദ്രശേഖരൻ വധക്കേസ് ഈ തെരഞ്ഞെടുപ്പിലും ചർച്ചയാകുന്നുമെന്ന് കെ.കെ മാധവൻ പറഞ്ഞു. വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം സ്വദേശമായ നടുവണ്ണൂരിന്‍റെ ചരിത്രമെഴുത്തിലാണ്.